Wednesday 19 December, 2007

കണ്ണാടി

ഒരു പൂവിതള്‍ പോലെ
ഒരു നീര്‍ത്തുള്ളി പോലെ
ഭൂമിയുടെ ഒരു ഏകാന്തഖണ്ഡത്തില്‍
ഞാന്‍ നിശ്ശബ്ദമായി ഇറുന്നുവീണു...

എതിര്‍ക്കാന്‍ ഒരു ശത്രുവില്ലാതെ,
കീഴടക്കാന്‍ ദൂരങ്ങളില്ലാതെ,
ചിന്തകളില്‍ നിറയാന്‍ ഒന്നുമില്ലാതെ,
ഒരു മേഘക്കീറുപോലെ
ഭാരമില്ലാ‍തെ അലഞ്ഞുനടന്നു...

ഇതുവരെ അണിഞ്ഞ പലനിറക്കുപ്പായങ്ങള്‍ ,
ഉച്ചരിച്ച അര്‍ത്ഥമില്ലാത്ത വാക്കുകള്‍,
ഒക്കെ എന്നില്‍നിന്നും വേര്‍പെട്ട്
ദൂരേയ്ക്ക് അകന്നകന്നുപോകുന്നു...

അഴുക്കുകള്‍ കഴുകിക്കളഞ്ഞ്
ശൂന്യമായ കണ്ണാടി
വെയിലത്ത് വെറുതെ
വെട്ടിത്തിളങ്ങുന്നു...

Friday 30 November, 2007

മറവിയുടെ നദിക്കരയില്‍

മറവിയുടെ നദിക്കരയില്‍
ഞാന്‍ കാത്തുകിടക്കുന്നു

ഭൂതകാലത്തിന്റെ മുറിപ്പാടുകള്‍
കഴുകിക്കളയാന്‍...

പക്ഷേ
ഓര്‍മമകളുടെ തടവറ ഭേദിച്ച്
എനിക്ക് പുറത്തിറങ്ങാനാവുന്നില്ല

ദുഖങ്ങള്‍ പാര്‍ക്കുന്ന
ഈ മുറിയില്‍ ആരാണ്
എന്നെ കൊണ്ടെത്തിച്ചത്?

വിലാപങ്ങള്‍ നിക്ഷേപിക്കുന്ന
ഈ കോട്ട ആരുണ്ടാക്കിയതാണ്?

നിഴലുകള്‍
ഈ ഏകാന്തഗേഹം വിട്ട്
മൌനമായി തിരിച്ചുപോവുന്നത്
എന്നാണ്?

Wednesday 28 November, 2007

സന്ധ്യ

മനസ്സിലേക്ക്
ഒഴുകിനിറയുന്ന
സന്ധ്യ...

ശോണമേഘങ്ങള്‍
മേയുന്ന
കുന്നിന്‍ ചരുവ്..

സൌമ്യമായ
പുല്ലുകളുടെ
സമൃദ്ധി

മനസ്സിന്റെ
ശൂന്യതയ്ക്കും
പ്രകൃതിയുടെ
നിറവിനും
ഇടയില്‍
പാവം ജീവിതം
മെല്ലെ ഒഴുകുന്നു...

Thursday 25 October, 2007

ഇരട്ടകള്‍

സമയവും സ്നേഹവും
ഇരട്ടകളാണ്,
തുമ്പികളെപ്പോലെ
പിടി തരാതെ പറന്നുപറന്ന്...
വിരല്‍ത്തുമ്പുകള്‍ക്കിടയിലൂടെ
വഴുതി വഴുതി...

ചിലര്‍
സ്നേഹം തേടി അലഞ്ഞ്
മരിക്കുന്നു...


അപ്പോഴും
അന്ധനായ സ്നേഹത്തിന്റെ
ദൈവം
യാചകരെ പിന്നിട്ട്
ചക്രവര്‍ത്തിമാരിലേക്ക്
വീണ്ടും എത്തുന്നു...

Monday 8 October, 2007

സ്നേഹം ബാക്കിവെയ്ക്കുന്നത്...

വിജനമായിപ്പോയ
ഒരു ഭൂഗോളം...

സ്വയം എത്രമാത്രം
ഒറ്റയ്ക്കാണെന്ന
തിരിച്ചറിവ്...

നിഴലുവീഴുന്ന
സാന്ധ്യവീഥികളുടെ
അശാന്തി...

ഇതൊക്കെയാണ്
ഓരോ സ്നേഹവും
ബാക്കിവെയ്ക്കുന്നത്...

Sunday 16 September, 2007

നദിയുടെ ഓര്‍മ്മ

ഒരു വാക്കിനപ്പുറം
ഒരു സ്പര്‍ശത്തിനപ്പുറം
ഒരു കടല്‍ ...

എന്നിട്ടും
പണ്ടെന്നോ വറ്റിപ്പോയ
ഒരു നദിയുടെ വേരുകളിലൂടെ
എന്തിനോ തുടരുന്ന
അന്വേഷണം...

പണ്ടത്തെ ജലസമൃദ്ധിയുടെ
അടയാളങ്ങള്‍...
തീരത്തെ കാടിന്റെ
ഓര്‍മ്മകള്‍...
ഓടിക്കളിച്ച കുഞ്ഞുമീനുകളുടെ
നിശ്വാസങ്ങള്‍...
കഴിഞ്ഞുപോയ ഉത്സവങ്ങളുടെ
ഗന്ധങ്ങള്‍...
ഉണങ്ങിദ്രവിച്ചുപോയ
കടലാസുതോണികള്‍...

ഇവയ്ക്കിടയില്‍
ഒരു പ്രാചീനസഞ്ചാരി
കണ്ണീര്‍ ചൊരിയുന്നു,
നദിയെ പുനര്‍ജനിപ്പിക്കാമെന്ന്
വെറുതേ വ്യമോഹിച്ച്...

Wednesday 5 September, 2007

അറിയില്ലല്ലോ...

തിമിര്‍ത്തുപെയ്യുന്ന മഴച്ചോട്ടില്‍
കൂടെപ്പെയ്യുന്ന മരത്തിനരികെ
അലസമായൊരുച്ചയ്ക്ക്
അക്ഷരങ്ങള്‍ക്കൊപ്പം തലചായ്ക്കവേ,
ആരുടെയോ വിരല്‍ത്തുമ്പുകള്‍
മെല്ലെ വന്നുതൊട്ടുവോ?

തിരിഞ്ഞുനോക്കുമ്പോള്‍
കാറ്റും തണുപ്പും ഏകാന്തതയും
മാത്രം...

ഏതാണ് സത്യം?
ഇടയ്ക്കിടെ ഒരു കൌമാരപ്രണയമായ്
പരുങ്ങുന്ന നിമിഷങ്ങളോ?

അണിയാന്‍ നിര്‍ബന്ധിതമായ
പലവിധക്കുപ്പായങ്ങളോ?

കുപ്പായങ്ങള്‍ക്കൊന്നും വഴങ്ങാത്ത,
എപ്പോഴും പാകക്കേടായവശേഷിക്കുന്ന
പാവം മനസ്സോ?

അറിയില്ലല്ലോ...

Tuesday 31 July, 2007

ഭയം

ഒരേപോലെ
ഭയപ്പെടുത്തുകയും
ആകര്‍ഷിക്കുകയും
ചെയ്യുന്നു, നീ...

രഹസ്യങ്ങള്‍
ഉള്ളിലൊളിപ്പിച്ച്
കണ്ണിറുക്കിച്ചിരിക്കുന്ന
കടലിനെപ്പോലെ.

അനന്തവിശാലതയാര്‍ന്ന്,
അടുക്കും തോറും
അകന്നുപോവുന്ന
ആകാശം പോലെ.

നിന്റെ നിശ്ശബ്ദതയിലേക്ക്
ഭയാനകതയിലേക്ക്
സൌന്ദര്യത്തിലേക്ക്
ഞാന്‍ നിസ്സഹായയായി
വന്നെത്തുന്നു...

ആര്‍ക്കറിയാം
ഏകാന്തത ഭക്ഷിച്ചുവളരുന്ന
ഒരു ചെടിയെപ്പറ്റി
നാളെ പക്ഷികള്‍
പാടുകയില്ലെന്ന്...

Tuesday 17 July, 2007

ഇതളുകള്‍

നിമിഷങ്ങള്‍ക്കൊപ്പം
കൊഴിഞ്ഞുവീഴുന്നൂ,
ആഹ്ലാദത്തിന്റെ
ഇതളുകള്‍...

സ്നേഹത്താല്‍
മുറിവേറ്റ സമയം
ഇരുട്ടും മഴയുമൊഴുകുന്ന
ഇടവഴികളിലൂടെ
പതുക്കെ നീങ്ങുന്നു...

നടനും കാണിയുമായി
സ്വയം പകര്‍ന്നാടുന്ന
വേഷത്തിന്
കാഴ്ചക്കാരുടെ
നിലയ്ക്കാത്ത പൊട്ടിച്ചിരി...

നിഴലുകളാടുന്ന
അരങ്ങുകളിലെ
രഹസ്യങ്ങള്‍ക്കിടയില്‍
തോല്‍വി ഉറപ്പാക്കിയ
കളി തുടരുന്നു,
വെറുതെ...

Tuesday 10 July, 2007

കാമുകന്‍-2006-07

പ്രേമത്തിന്റെ
വയല്‍ക്കരയില്‍
നിന്റെ പേര്
കിളിര്‍ത്തില്ല,
എത്ര നട്ടുനനച്ചിട്ടും...

നിന്റെ ചുണ്ടില്‍
എന്റെ സ്നേഹമുദ്ര
പതിഞ്ഞില്ല,
എത്ര ശ്രമിച്ചിട്ടും...

നിന്റെ വന്ധ്യത
മാറീല്ല ,
പ്രണയസന്ദേശങ്ങള്‍
എമ്പാടും
പെയ്തിട്ടും...

ഒടുവിലാണറിഞ്ഞത്,
നീ,എഴുതാതെ പോയ
ഏതോ
സ്ത്രീപീഡനകഥയിലെ,
നായകനാണെന്ന്...

നിന്റെ അഭിമുഖം
ഞാന്‍ ഇന്നലെ
ടി വി യില്‍ കണ്ടു...

മഴ

മഴ വീണ്
കുളിര്‍ന്നുവിറയ്ക്കുന്ന
ചെടികള്‍ക്കിടയിലൂടെ
ഒരു കുഞ്ഞുതുമ്പി
പറന്നുനടക്കുന്നു,
നനുത്ത പൂക്കള്‍ക്കിടയിലൂടെ
വഴുതുന്ന സ്നേഹം തിരഞ്ഞ്
വിതുമ്പിക്കൊണ്ടങ്ങനെ...

ആരുടെയോ പേരുള്ള
ഒരു കടലാസുതോണി,
നനഞ്ഞ് കുതിര്‍ന്ന്
അക്ഷരങ്ങള്‍ കലങ്ങി,
ചെടിയുടെ വേരില്‍
അഭയം തേടുന്നു...

Wednesday 27 June, 2007

?

സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍
വാക്കുകളൊന്നും കാണാനില്ല...
വാക്കുകളുടെ തണലില്ലാതെ
നിരാലംബമായിപ്പോയി,ശൂന്യത.

Saturday 16 June, 2007

നിഴലുകള്‍

കൂടണയുന്നൂ നിന്റെ
സാന്ദ്രമൌനത്തിലെന്റെ
ഓര്‍മ്മപ്പക്ഷികള്‍
ചിറകൊതുക്കി,മന്ദം മന്ദം.

നിലാവിന്‍‌ വിരല്‍ത്തുമ്പു-
പോലെ ശീതളം,നിന്റെ
സൌമ്യസാന്നിധ്യം,
ശോകതപ്തമാണെന്നാകിലും

സായന്തനത്തിന്റെ
നീലചുംബനം ഭൂമി-
യേറ്റുവാങ്ങവേയെങ്ങും
കാളിമ പടരുന്നൂ...

ദുഖതപ്തമീ സന്ധ്യ,
താന്തമാം നിഴലുകള്‍
ഇല കൊഴിഞ്ഞ തമോവ്ര്‌ക്ഷം,
ക്രൂരമാം നിശ്ശബ്ദത.

വാക്കുകള്‍, കണ്ണീര്‍ പുരണ്ടും
കരഞ്ഞും ചിരിച്ചും ക്രോധിച്ചും
ചുറ്റും അശാന്തസാഗരം പോല്‍
വാക്കുകള്‍ മൂകം നില്പൂ.

മുനിഞ്ഞുകത്തും ദീപത്തിന്‍
നാളം, കാറ്റിലാടുന്നു,
അനാഥമൊരു പട്ടം നിന്‍-
നിഴലില്‍ വന്നുവീഴുന്നൂ...

Monday 26 March, 2007

ഒരു കടങ്കഥ

ഒരു ചെറിയ ചിത്രം
വരക്കുകയായിരുന്നു.
നിറങ്ങള്‍, നേര്‍ത്ത നിറങ്ങള്‍,
ഇളം മണമുള്ള നിറങ്ങള്‍
ഒന്നൊന്നായെടുത്ത്
ചാലിച്ചുചേര്‍ക്കുന്നതിന്‍റെ
ആഹ്ലാദത്തിലലിഞ്ഞ്, അങ്ങനെ...

ദിവസവും ആടുന്ന
വിഭിന്നങ്ങളായ വേഷങ്ങള്‍...

ഇടയില്‍, ഒരു രഹസ്യലോകത്തേക്ക്
ഓടിയെത്തുന്ന കൌതുകത്തോടെ
ആ ചിത്രത്തിലേക്ക്
മടക്കം...

നിത്യവും കെട്ടിയാടുന്ന
വേഷങ്ങളാണോ,ജീവിതം,
അതോ, അവക്കിടയിലെ
ഇടവേളകളോ...?

ഒരുനാള്‍, ബ്രഷ്, വര്‍ണങ്ങളുടെ
കുഞ്ഞുതിരകളിലേറാന്‍
തുടങ്ങവെ
പൊടുന്നനെ നിറങ്ങള്‍
അപ്രത്യക്ഷമായി.

പിന്നെ എത്ര ശ്രമിച്ചിട്ടും
നിറം നല്‍കാനാവാതെ
വന്നപ്പോള്‍
വല്ലാതെ മങ്ങിയ ആ സ്വപ്നച്ചുരുള്‍
ചുരുട്ടിക്കൂട്ടിയെറിഞ്ഞു.

ജീവിതത്തില്‍ നിന്നും
നിറങ്ങള്‍ ചോര്‍ന്നുപോയവരുടെ
ഇടയിലൂടെ
അത് ഒരു കടങ്കഥ പോലെ
പറന്നുനടന്നു...

Friday 16 March, 2007

എനിക്കും നിങ്ങള്‍ക്കും ഇടയില്‍...

അപൂര്‍ണ്ണമായ ബാല്യത്തിന്റെ
തുടര്‍ച്ച തേടല്‍...

കളിക്കാ‍ന്‍ തുടങ്ങിയപ്പോഴേക്കും
കളിപ്പാട്ടങ്ങള്‍ പൊയ്പ്പോയ
കുട്ടിയുടെ അങ്കലാപ്പ്...

വല്ലാതെ മുതിര്‍ന്നുപോയ
മനുഷ്യര്‍ക്ക്
ഒരിക്കലും മനസ്സിലാവാത്ത
ലളിതവും, അവ്യക്തവുമായ
വാക്കുകളുടെ വ്യര്‍ത്ഥത...

ഇതാണ് എനിക്കും ലോകത്തിനും
ഇടയിലുള്ളത്...

Monday 12 March, 2007

ഒരു പുല്‍ച്ചാ‍ടി

അറിയാതെ വിഴുങ്ങിപ്പോയി ,
ഒരു കനല്‍ക്കട്ട...
കാലത്തിന്റെ ശൈത്യം
അതിനെ കെടുത്തട്ടെ.
സ്നേഹത്തിന്റെയും ദുഖത്തിന്റെയും
ദൈവം,
മൌനിയായി
എന്റെ ജാലകത്തില്‍ വന്നിരിക്കുന്നു.
ചിറകിനുള്ളില്‍
വാക്കുകളെ ഒളിപ്പിച്ച
ഒരു പുല്‍ച്ചാ‍ടി
ഭൂമിയുടെ രഹസ്യങ്ങളിലേക്ക്
ഊളിയിടുന്നു,
പതുക്കെ...

Friday 2 March, 2007

ലോലമനസ്കയുടെ ഇ-പ്രണയം

മുടങ്ങാതെ
തിങ്കളാഴ്ച വ്രതം നോല്ക്കുന്ന
ഒരു ലോലമനസ്ക
ഒരുനാള്‍
ചാറ്റ്റൂമില്‍ വെച്ച്‌
ഒരു ലോലമനസ്കനെ
കണ്ടുമുട്ടി.

ഗൂഗിളിന്റെ നടവഴികളിലൂടെ
അവര്‍ മുട്ടിയുരുമ്മി നടന്നു.

"ചാറ്റ്ബോക്സിനു മുന്നിലെ
തീരാത്ത കാത്തിരിപ്പാകുന്നു
ജീവിതം "- പ്രണയം അവളെ കവിയാക്കി.

"പ്രിയേ, ഒഴിഞ്ഞ ചാറ്റ്ബോക്സ്
നിന്നെ തനിച്ചാക്കുന്നുവോ" - അവനും കുറച്ചില്ല.

സ്നേഹപരിഭവങ്ങള്‍ ചാറ്റിച്ചാറ്റി
ദിവസങ്ങളുടെ നീളം വല്ലാതെ കുറഞ്ഞു.

ഒരുനാള്‍
യാത്ര പോലും പറയാതെ
വന്നതുപോലെ
ലോലമനസ്കന്‍ അപ്രത്യക്ഷനായി,
ഒപ്പം ആ ഇ- മെയില്‍ അഡ്രസ്സും!

അവള്‍, പാര്‍വതിയെപ്പോലെ
സൈബര്‍ സ്പേസില്‍
കൊടുംതപസ്സാരംഭിച്ചു...

തപസ്സ് മാസങ്ങള്‍ നീണ്ടിട്ടും
അവളുടെ ജീവിതം
ഒഴിഞ്ഞ ചാറ്റ്ബോക്സ് പോലെ
ശൂന്യമായിത്തന്നെ തുടര്‍ന്നു...

അച്ഛനാരെന്നറിയാത്ത
അവ്ളുടെ ഇ- മെയില്‍ കുഞ്ഞുങ്ങളും
ചാറ്റ് ശകലങ്ങളും
സൈബര്‍ ലോകത്തില്‍
അനാഥരായി
അലഞ്ഞു നടന്നു...

Saturday 24 February, 2007

നിന്റെ ജീവിതത്തിനരികിലൂടെ...

നിന്റെ പട്ടണത്തിലൂടെ,
നിന്റെ വീടിനു മുന്നിലൂടെ,
പരസ്യചിത്രം പോലുള്ള
നിന്റെ ജീവിതത്തിനരികിലൂടെ
ഞാന്‍ ഇന്നലെ
കടന്നുപോയി...

വാക്കുകളുടെ
വിരല്‍ത്തുമ്പാല്‍
ഞാന്‍ നിന്നെ
തൊടാന്‍ ശ്രമിച്ചു...

പിന്നെ, തൂവെള്ളത്താളില്‍
എന്റെ നിഴലിന്റെ
കരി പടരാതിരിക്കാന്‍
ഏറെ ശ്രദ്ധിച്ച്‌
തിരിച്ചുപോന്നു...

Friday 23 February, 2007

ഈ നിശ നിന്നെ തനിച്ചാക്കുന്നുവോ ...?

[എല്‍വിസ് പ്രെസ് ലിയുടെ പ്രസിദ്ധമായ 'Are You Lonesome Tonight?'എന്ന ഗാനത്തിന്റെ ഒരു ഏകദേശവിവര്‍ത്തനം]

ഈ രാത്രി
എന്റെ അസാന്നിധ്യം
നിന്നെ വേദനിപ്പിക്കുന്നുവോ?

ഞാന്‍ നിന്നെ ആദ്യമായി
ഉമ്മ വെച്ച,
ഓമനേ എന്നു വിളിച്ച
ആ ശരത്കാലദിനത്തിലേക്ക്‌
നിന്റെ ഓര്‍മ്മകള്‍
ചേക്കേറുന്നുവോ?

നിന്റെ മുറിയില്‍ കസേരകള്‍
ശൂന്യമായിരിക്കുന്നുവോ?

നീ നിന്റെ വാതില്‍പ്പടിയില്‍ എന്നെ
സങ്കല്‍പിക്കുന്നുവോ?

നിന്റെ ഹൃദയം വേദന കൊണ്ട്‌
നിറ്ഞ്ഞിരിക്കുന്നുവോ
ഞാന്‍ തിരിച്ചുവരട്ടയോ?

പറയൂ,പ്രിയേ, ഈ രാത്രി
നിന്നെ തനിച്ചാക്കുന്നുവോ?

ആരോ പറഞ്ഞു, ഈ ലോകം
ഒരു വേദിയാണെന്ന്`,
നാമോരോരുത്തരും
അതിലെ വേഷക്കാരാണെന്നും.

വിധി നമ്മെ പ്രണയികളാക്കി.
ഒന്നാമങ്കത്തില്‍,
ഞാന്‍ നിന്നെ പ്രണയിച്ചു,
ആദ്യദര്‍ശനത്തില്‍ത്തന്നെ.
നീ നിന്റെ വേഷം ഗംഭീരമാക്കി.

രണ്ടാമങ്കത്തിലേക്കെത്തിയപ്പോള്‍
നീ വല്ലാതെ മാറി
നീയെന്നെ സ്നേഹിക്കുന്നുവെന്ന്‌
കള്ളം പറഞ്ഞു.
നിന്നെ എന്നെന്നേക്കുമായി
നഷ്ടപ്പെടുന്നതിനേക്കാള്‍
ഭേദം ഈ നുണകള്‍
കേള്‍ക്കുന്നതായിരുന്നു.

ഇപ്പോള്‍, ഈ ശൂന്യവേദിയില്‍
ഞാന്‍ നില്‍ക്കുകയാണ്‌,
ചുറ്റും ശൂന്യത മാത്രം...
ഇനിയും നീ തിരിച്ചുവരുന്നില്ലെങ്കില്‍
അവരോടു തിരശ്ശീല താഴ്ത്താന്‍
പറയുക...

നിന്റെ ഹൃദയം
വേദനാനിര്‍ഭരമാണോ?
ഞാന്‍
തിരിച്ചു വരട്ടയോ?
പറയൂ, പ്രിയേ
ഈ നിശ നിന്നെ തനിച്ചാക്കുന്നുവോ?

Wednesday 21 February, 2007

ഒഴുക്ക്

ഒരിടത്തും തങ്ങാതെ
ജന്മപരമ്പരകളിലൂടെ
അലഞ്ഞു നടന്ന
ഒരു നാടോടിയുടെ
അശരണമായ
ആത്മാവാണ്‌
എന്നില്‍ കുടികൊള്ളുന്നത്‌.

ഞാന്‍ ഇടത്താവളമാക്കിയ
ഇടിഞ്ഞുപൊളിഞ്ഞ വീടുകള്‍,
കൂടെ ചുമന്ന ദുരിതങ്ങളുടെ
ഭാണ്ഡക്കെട്ടുകള്‍,
പല ഭൂഖണ്ഡങ്ങളുടെ
മണം പേറുന്ന വസ്ത്രങ്ങള്‍,
ചുളുങ്ങിയ ചില പാത്രങ്ങള്‍,
മനുഷ്യരെക്കുറിച്ചുള്ള
അനന്തമായ രഹസ്യങ്ങള്‍,
‍എത്ര നടന്നാലും തീരാദൂരമായി
ബാക്കികിടക്കുന്ന ജീവിതത്തെക്കുറിച്ചുള്ള ഭയം,
ഒക്കെ എന്നിലുണ്ട്...

അതുകൊണ്ടാവാം
ഇലകളില്‍ ഇറ്റുവീഴുന്ന
മഴത്തുള്ളി പോലെ
എവിടെയും തങ്ങിനില്‍ക്കാതെ
ഞാന്‍എങ്ങോട്ടോ
അശാന്തമായി
ഒഴുകിക്കൊണ്ടിരിക്കുന്നതും...

Saturday 17 February, 2007

ജീവിതം!

ഒരു നാള്‍
ദുഖിതനായ ഒരു വൃദ്ധന്‍
ലുബ്ധിച്ചുണ്‌ടാക്കിയ പണം കൊണ്ട്‌
യുവതിയായ ഒരു വേശ്യയുടെ
ഏതാനും മണിക്കൂറുകള്‍
വിലയ്ക്കു വാങ്ങി...

അപരിചിതരുടെ
വിരല്‍പ്പാടുകള്‍
പതിഞ്ഞുകിടക്കുന്ന
അവളുടെ ശരീരം
അയാളുടെ കണ്ണീര്‍ വീണ്
നനഞ്ഞുകുതിര്‍ന്നു...

ഒരിക്കലും കൈമാറാതെ പോയ ഉമ്മകളും
പറയാതെ പോയ സ്നേഹവാക്കുകളും
മൃദുവാകാതെ പോയ നിമിഷങ്ങളും
ഉള്ളിലൊതുക്കിയ സങ്കടങ്ങളും
നെഞ്ചു പിളര്‍ക്കുന്ന അപമാനങ്ങളും
ഒന്നിച്ച്‌ പ്രവഹിക്കുകയാണ്‌...

മുന്നില്‍ ദൃശ്യമായ
അമ്പത് നീണ്ട വര്‍ഷങ്ങളുടെ
വ്യര്‍ത്ഥത കണ്ട്‌
വല്ലാതെ ഭയപ്പെട്ടുപോയ
അവള്‍
അയാളുടെ ദുരിതങ്ങളുടെ
ശിരോരേഖകളെ
വിരല്‍ത്തുമ്പുകള്‍ കൊണ്ട്‌
തലോടി മാറ്റാന്‍
വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു,
ഒപ്പം
ജീവിതം എന്ന വലിയ
കരച്ചിലിനെക്കുറിച്ച്
ചിന്തിക്കാതിരിക്കാനും...!

Thursday 15 February, 2007

നിഴലുകള്‍

ഭൂമിയുടെ ആഴങ്ങളിലേക്ക്‌
വേരുകള്‍ പരതിനീളുന്നു...

ദേശാന്തരങ്ങളിലേക്ക്‌
കാറ്റിന്റെ തീരായാത്രകള്‍...

കൂട്ടിന്‌ ഒരീണവും
വാക്കിന്റെ തണലും തേടി
ഇലകളില്ലാത്ത മരച്ചോട്ടില്‍
നിഴലുകള്‍ വിങ്ങിക്കരയുന്നു...

മുഖങ്ങള്‍, പിന്നെയുംമുഖങ്ങള്‍,
പൊടി നിറഞ്ഞ തെരുവുകള്‍
ചിരി മറന്ന കണ്ണുകള്‍
ഒരിക്കലും തുറക്കാത്ത ജാലകങ്ങള്‍

എല്ലാത്തിനെയും പിന്നിട്ട്‌
വിളറിയ നിഴലുകള്‍
പിന്നെയും നീളുന്നു...

Monday 12 February, 2007

ഒറ്റയ്ക്ക് ഒരു കടല്‍...

നിറനിലാവില്‍
ഒറ്റയ്ക്ക്
ഒരു പാവം കടല്‍...

ഈ ഭൂമിയിലെ
അനാഥമായിപ്പോയ സ്നേഹമെല്ലാം
ഘനീഭവിച്ച്‌ മഴയായിപ്പെയ്തു നിറഞ്ഞ
കടല്‍...

ഏകാകികളും ദുഖിതരും
പ്രണയികളും
ഇവിടെ അഭയം തേടുന്നു.

അലയടിക്കുന്ന തീരത്തെത്തി
ഭയന്ന്‌ തിരിച്ചുപോവുന്നവരുമുണ്ട്.
[നാം ഏറ്റവും കൂടുതല്‍
ഭയക്കുന്നതും സ്നേഹത്തെയാണല്ലൊ]

തന്റെയുള്ളിലെ വിഷാദോന്മാദങ്ങളുടെ
അഗ്നിപര്‍വതങ്ങളെ മറന്ന്‌
ഒരു നിമിഷം-
നിലാവ് നിറഞ്ഞുതുളുമ്പി
വല്ലാതെ നേര്‍ത്തുപോയി അതിന്റെ ഹൃദയം...

Sunday 11 February, 2007

എന്നു മുതലാണ്‌...?

ഒറ്റയ്ക്കുള്ള നടത്തം,
നിനച്ചിരിയ്ക്കാത്ത നേരത്തുള്ള
കണ്ണു നിറയല്‍,
ഒരുപാടു വൈകിയുള്ള ഉറക്കം,
കാരണമില്ലാതെയുള്ള
ദേഷ്യം,
എന്നു മുതലാണ്‌
നീ ഇങ്ങനെയൊക്കെ
ആയിത്തീര്‍ന്നത്‌?

കണ്ണാടിയില്‍ കാണുന്ന
അപരിചിത
എന്താണ്‌ പറയാന്‍ ശ്രമിയ്ക്കുന്നത്‌?

എല്ലാവരുംസുഖദമായ
ഉറക്കത്തിലേക്കു വഴുതുമ്പോള്‍
നിന്നെത്തേടി വരുന്ന ആ നിലവിളി
ആരുടേതാണ്‌?

അസാധാരണമായ ഏതു തണുപ്പിന്റെ
മണമാണ്‌ മുറിയില്‍ പരക്കുന്നത്‌?

അശാന്തമായ എതു വാക്കുകളാണ്‌
നിന്റെ ചെവിയില്‍ മുഴങ്ങുന്നത്‌?

ഇലകള്‍ കൊഴിയുന്ന ഈ വഴിയില്‍
ആരുടെ കാലടിപ്പാടുകളാണ്‌
കാണുന്നത്‌?

സന്തോഷം...

നിരന്തരമായി വഴുതുന്നു
സന്തോഷത്തിന്റെ സൂചികകള്‍...
ഒരു മുഖത്തില്‍ നിന്നു മറ്റൊരു മുഖത്തിലേയ്ക്ക്‌,
ഒരു സമയത്തില്‍ നിന്നു മറ്റൊരു സമയത്തിലേക്ക്‌,
ഒരു വസ്തുവില്‍്‌ നിന്ന്‌ മറ്റൊന്നിലേക്ക്‌
നിലയ്ക്കാത്ത വഴുതല്‍!

വാക്കുകള്‍ക്കിടയില്‍
സമയമാത്രകള്‍ക്കിടയില്‍
ഭാവപ്പകര്‍ച്ചകള്‍ക്കിടയില്‍
മുഖങ്ങള്‍ക്കും ഉടലുകള്‍ക്കും ഇടയില്‍
നാം സന്തോഷത്തെ തിരഞ്ഞുകൊണ്ടിരിക്കുന്നു...

സ്നേഹത്തെ പരിഹസിക്കുന്നവര്‍,
ജീവിതത്തെ നിഷേധിച്ചുകൊണ്ട്‌
നടന്നുപോകുന്നവര്‍,
മുങ്ങിത്താഴുമ്പോള്‍
പരസ്പരം പിടിച്ചു തൂങ്ങുന്നവര്‍,
അനര്‍ഹമായ സ്നേഹം
തീക്കട്ട പോലെ കൈവെള്ളയിലേറ്റുന്നവര്‍,
ഏകാന്തതയും ദുഖവും
പാരമ്പര്യമായി പകുത്തുകിട്ടിയവര്‍,
ഒരു ചെറുതുള്ളിയാല്‍
നിറഞ്ഞു തുളുമ്പുന്നവര്‍,
പ്രളയജലനടുവിലും
ദാഹിച്ചുവലയുന്നവര്‍...

ഇവര്‍ക്കിടയിലൂടെ
സന്തോഷം
ആര്‍ക്കും പിടി കൊടുക്കാതെ
തന്റെ യാത്ര തുടരുന്നു,
ഒറ്റയ്ക്ക്‌...

Friday 9 February, 2007

ഏകാന്തത

ഏകാന്തത
ഒരു മരമാണ്‌,
മരുഭൂമിയില്‍ വേരുകള്‍ പടര്‍ത്തി
കത്തുന്ന ശൂന്യാകാശത്തിലേയ്ക്കുവളരുന്ന
ഇലകളില്ലാത്ത ഒരു മരം...

തീയാളുന്ന തലയും
കനല്‍ക്കണ്ണുകളുമായി
അത്‌
എന്റെയുള്ളില്‍
അനുദിനം വളരുന്നു...

വെറുതെ...

ഈ ഭൂമിയില്‍ ഒരുപാട്‌
അയയ്ക്കാത്ത കത്തുകള്‍
എഴുതാത്ത വരികള്‍
പറയാത്ത വാക്കുകള്‍
ജീവിക്കുന്നു...

കാട്ടില്‍ ആരും കാണാതെ
വിടര്‍ന്നു നില്‍ക്കുന്ന
പൂക്കള്‍ പോലെ...

എന്നാലും
അവ നിലനില്‍ക്കുന്നുന്ട്
വെറുതെ...

പഴയ ഒരു കവിത!

രാവറുതിയില്‍, എന്റെ ജാലകത്തില്‍
ഭ്രാന്തമൊരു തെന്നല്‍
വിരുന്നുവന്നു...

കുഞ്ഞുപൂക്കളെ ഉലച്ച്‌
ഒരു പാട്ടിനീണത്തിലേറി
ഈറന്‍നിലാവു
പുതച്ചുവന്നു...

താരകളെ നോക്കി
കണ്ണിറുക്കിക്കാട്ടി
കുഞ്ഞുവിളക്ക്
തിരി താഴ്ത്തിനിന്നു...

ശ്രുതി താഴ്ന്നൊരു വേണുഗാനം
എവിടെ നിന്നോമെല്ലെ
ഒഴുകിവന്നു...

പാതിരാമലര്‍ പോലെ
ഞാനുമാ തെന്നലിന്‍
ഭ്രാന്തസ്നേഹതിന്റെ
നോവറിഞ്ഞു...

പിന്നെ, ഒരു മ്രുദുവാക്കിന്റെ
തണലിന്‍ ചോട്ടില്‍
എന്നുമെന്നും തല ചായ്ച്ചുറങ്ങി...

Sunday 4 February, 2007

ഓര്‍മ്മകളുടെ തടവുകാര്‍...

ഏതോ സ്നേഹവിശ്വാസങ്ങളുടെ ഞാത്തില്‍
തൂങ്ങിക്കിടക്കുന്ന
നമ്മുടെ പാവം മനുഷ്യജന്മങ്ങള്‍...

ജീവിക്കാനുള്ള കാരണങ്ങള്‍
ആഹ്ളാദത്തിന്റെ കുഞ്ഞുപട്ടങ്ങള്‍
നിറം മങ്ങാത്ത ചില നിമിഷത്തുണ്ടുകള്‍
ഒക്കെ നാം ഇതില്‍ കൊരുത്തിടുന്നു...

വേഷങ്ങളുടെ ഇടവേളകളില്‍
ഏറ്റവും അഗാധമായി ഒറ്റയ്ക്കാവുമ്പോള്‍
നാം ഈ പഴയ ആല്‍ബത്തിലെ
വര്‍ണചിത്രങ്ങളിലേയ്ക്കു മടങ്ങുന്നു...

പലതും കാലത്തിന്റെ രാസവിദ്യയാല്‍
നിറം മങ്ങിയിട്ടുണ്ടാകും,
പലതും പൊടിഞ്ഞുപോയിട്ടുണ്ടാകും,
പലതും ഇല്ലാതെയായിട്ടുണ്ടാകും...

എന്നാലും ഓര്‍മ്മകളുടെ തടവുകാരായ നാം
മറ്റെങ്ങോട്ടുപോകാന്‍?

Wednesday 31 January, 2007

കടല്‍ത്തീരത്ത്‌

കടല്‍ത്തീരത്ത്‌
ഇളംനനവുള്ള മണലില്‍
ആരുടെയോ കാലടിപ്പാടുകള്‍...

തിര കവര്‍ന്നെടുത്ത പേരുകള്‍
കാലം മായ്ച്ചുകളഞ്ഞ ഓര്‍മ്മകള്‍
അനാഥമായിപ്പോയ സ്നേഹബിന്ദുക്കള്‍
ചിതറിപ്പൊയ കുപ്പിവളപ്പൊട്ടുകള്‍...

Tuesday 30 January, 2007

തണുപ്പ്‌

ഭൂമിയുടെ മുലക്കണ്ണിലൂടെ
വിറയാര്‍ന്നുനീങ്ങുന്ന
വിരല്‍ത്തുമ്പുപോലെ
ബസ്സ്‌...

ഉറക്കത്തിന്റെ
വഴുക്കന്‍ നിലങ്ങളില്‍
ഉഴലുന്ന മനുഷ്യര്‍...

ഗര്‍ഭപാത്രത്തില്‍ നിന്നും
മൃതിയിലേക്കു നീളുന്ന
തണുപ്പ്...

ബസ്സിനുള്ളില്‍
കുളിര്‍ന്നുവിറയ്ക്കുന്ന
വിമൂകമാം രാത്രിയും
ഞാനും...

ഞാന്‍...

ഞാന്‍
മേഘത്തുണ്‌ടുകളില്‍ത്തട്ടി
അലിഞ്ഞുപോകുന്നൊരു
ഏകാന്തനാദബിന്ദു...

രാത്രികളില്‍
തെരുവിലൂടെ അലയുന്ന
അനാഥമായൊരു നിലവിളി...

നീലനീലമായ
സമുദ്രത്തിന്റെ ഉള്ളിലേയ്ക്ക്‌
ആണ്ടുപോകുന്നൊരു
വെള്ളാരങ്കല്ല്‌...

ഇളംകാറ്റുപോല്‍ മന്ദം
പ്രചണ്ഡചണ്ഡമാരുതന്‍ പോല്‍
നാശോന്മുഖം
ഭൂമിയെപ്പോല്‍ സര്‍വംസഹ...

കൊടുങ്കാറ്റിലുറച്ച്‌
ഇളംകാറ്റില്‍
പിഴുതെറിയപ്പെടുന്നവള്‍...

Monday 29 January, 2007

ഞാനും നീയും...

ഒരിയ്ക്കലെങ്കിലും രാത്രിയില്‍
തനിച്ചു്‌,
പൂര്‍ണ്ണമായും തനിച്ചു്‌,
നടന്നിട്ടുണ്ടോ നീ?

വലിപ്പമേറി വരുന്ന ഭൂഗോളത്തിന്ടെ
ഇങ്ങേത്തലയ്ക്കു്‌,
ആകാശവും ഭൂമിയും
കൂട്ടിമുട്ടുന്ന അപാരതയ്ക്കു കീഴെ,
തനിച്ചിരുന്നു വിറയ്ക്കുന്ന
ഒറ്റത്താരകയുടെ കണ്‍കോണില്‍,
ഓര്‍മ്മകളുടെ ഇല കൊഴിയുന്ന
ക്രൂരമായ ശിശിരത്തില്‍,
നിരന്തരം പിന്തുടരുന്ന
വീണ്‍വാക്കുകളുടെ മരുപ്പറമ്പില്‍,
ഒറ്റയ്ക്കകപ്പെട്ടിട്ടുണ്ടോ നീ?

കണ്ണെത്താദൂരത്തോളം
പരന്നു കിടക്കുന്ന
ഊഷരഭൂമി നിന്നെ
പേടിപ്പിച്ചിട്ടുണ്ടോ?

ഒരു ചെറുപുല്‍ക്കൊടിയുടെ
സൌഹൃദം തേടി
ഒരു ചെറുനീരുറവയുടെ ഹൃദയം തേടി
നെഞ്ചുപൊട്ടി അലഞ്ഞിട്ടുണ്ടോ നീ?

അപാരതയുടെ അനാഥമായ മണല്‍വഴികളില്‍
നിന്‍ടെ പേരു്‌ കോറിയിട്ടിട്ടുണ്ടോ,
ആരും ഒരിയ്ക്കലും കാണില്ലെന്നുറപ്പുണ‍ടായിട്ടും,
കാറ്റിനാല്‍ മായ്ക്കപ്പെടാന്‍
മാത്രമാണെങ്കിലും?

എങ്കില്‍ നമുക്കു പരസ്പരം
പരിചയപ്പെടാം
ഞാന്‍ ഏകാന്തത,
നീ അനാഥത്വം...!

തേങ്ങുന്ന ചുഴലിക്കാറ്റ്‌...

പൂര്‍ണാദാസ്‌ ബാവുല്‍,

അറിയാദേശത്തൂടെ
ഗോതമ്പുവയലുകള്‍ക്കിടയിലൂടെ
ഒഴുകിയൊഴുകിപ്പോകുന്ന
ഒരു ആനന്ദക്കരച്ചിലാണു നീ...

പരിപൂര്‍ണനായ ബാവുല്‍
നീയെന്റെ ആനന്ദമാണ്‌ പാടുന്നത്‌.

ഉറഞുപോയ കണ്ണീരു്‌
നിന്റെ നാദത്തില്‍ ഉയിര്‍ക്കൊള്ളുന്നു.

ഗോതമ്പുവയലുകള്‍ക്കു മുകളിലൂടെ
ഒരു ചുഴലിക്കാറ്റ്‌ വിങ്ങിക്കരയുന്നു.

പൂര്‍ണാദാസ്‌,
എന്നിലെ അജ്ഞാതമായ മോഹങ്ങളെ
നിത്യയാത്രികയെ
ഒക്കെ നിന്നിലൂടെ അറിഞ്ഞു്‌
ഞാന്‍ ശൂന്യയാകുന്നു...

ബാവുല്‍,
ഗോതമ്പുവയലുകള്‍ക്കിടയിലെ
തണുത്ത ഇടിമിന്നല്‍ പെയ്യുന്ന
ഒരു സം ഗീതരാത്രി-
-ഒരു ആനന്ദരാത്രി -
എനിക്കായ്‌ മാറ്റിവെയ്ക്കുക-
എനിക്കായ്‌ മാത്രം...!

Friday 12 January, 2007

യാത്രാമൊഴി

പറയുവതെങ്ങനെ നിന്‍ കഥ
നീലമാം സ്നേഹസാഗരസമാരംഭം?

ചേലത്തുമ്പാല്‍ മിഴി തുടച്ചും
കുറിക്കൂട്ടാല്‍ സ്നേഹമൊളിച്ചും
പോവുകയാണവര്‍
നിന്‍പ്രിയസഖിമാര്‍

പ്രായവും വേഷവും പലതാകിലും
രൂപവും ഭാവവും മാറുമെന്നാകിലും
ഉള്ളിലൊരേ സ്നേഹമേറ്റി നടന്നവര്‍
നിനക്കന്ത്യ യാത്രാമൊഴി ഏകിടാനെത്തുവോര്‍...

അവരുടെ ചിരികള്‍ പാഥേയമാക്കി
കത്തും നീലനിലാവിന്റെ സൌമ്യചുംബനംനല്കി
പതിനാറായിരത്തെട്ടുപേരെയും ഒന്നിച്ചുജ്വലിപ്പിച്ച്‌ നീ പൊയതെവിടേയ്ക്ക്..

ഈ യാത്രയ്ക്കൊപ്പം
ഇട മുറിയാക്കണ്ണീരിനൊപ്പം
വിളര്‍ത്ത മുഖമൊപ്പി ഞാനും എന്‍ പാവമാം
സ്നേഹവും കൂടെയുന്ട്,
പോവുക, സഖേ, പോവുക...

Thursday 11 January, 2007

ദുസ്വപ്നം

എത്ര അടിച്ചുവാരിയിട്ടും
എത്ര തുടച്ചുമിനുക്കിയിട്ടും
വ്രുത്തിയാവാത്ത ഒരു വീട്...

അവിടെയിരുന്നു അവള്‍
ഒരുനാള്‍
കൊന്നപ്പൂക്കളെ
ദുസ്വപ്നം കണ്ടു....

അടുപ്പത്തിരുന്ന പരിപ്പ്‌
കരിഞ്ഞു...

ഒരു ഗൌളിവാല്‍
അറ്റുവീണു പിടഞ്ഞു..

കരിഞ്ഞ പരിപ്പും
അറ്റുവീണ ഗൌളിവാലും
ചവറ്റുകുട്ടയിലേക്കു നീങ്ങി..

അവ മാറാലകള്‍ക്കും
വീണ്‍ വാക്കുകള്‍ക്കുമൊപ്പം
അവിടെ സസുഖം വാണു..

അവള്‍ കരിഞ്ഞ പാത്രം
തേച്ചുകഴുകാന്‍ തുടങ്ങി,
നിലം പാടുകളില്ലാതെ
തുടച്ചുമിനുക്കാനും........

Tuesday 9 January, 2007

വേഷങ്ങള്‍......

കുളി കഴിഞ്ഞപ്പോള്‍
ഏതു വേഷം കെട്ടണമെന്നു
ഒരു ഞൊടി
കുഴങ്ങിപ്പോയ് ഞാന്‍...

പാല്‍ മണം മാറാതത
കുഞ്ഞുമോള്‍ക്കൊരു അമ്മസ്നേഹവേഷം

സൂക്ഷ്മതയാര്‍ന്ന ഭര്‍ത്താവിന്‍റ്റെ കണ്ണിനു
കുറ തീര്‍ന്നൊരു [നല്ല!]പാതിവേഷം

ഭസ്മക്കുറി പോലുള്ള അമ്മയ്ക്കായൊരു
തുന്നിക്കൂട്ടിയ കുട്ടിവേഷം

ചുളിച്ച കണ്ണുള്ള നാട്ടുകാര്‍ക്കായ്
ഒരു ചുളിയാത്ത വീട്ടമ്മവേഷം

സ്നേഹിതര്‍ക്കു മുന്പില്‍ അണിയാന്‍
എണ്ണമില്ലാത്തത്ര
പലനിറക്കുപ്പായങ്ങള്‍

ഇവയ്ക്കിടയില്‍ നിനക്കായ്
മാറ്റിവെച്ചൊരു രഹസ്യക്കുപ്പായവുമുന്ട്‌

''അണിയാന്‍ കാത്തിരുന്നു
വയസ്സായിപ്പോയി" എന്നു പരാതി പറയുന്ന
ഒരു തനിപ്പെണ്‍വേഷം

ഇന്നു ഏതു വേഷത്തിലാണു തുടങ്ങുക?