Saturday 4 October, 2008

കനിവില്ലാത്ത മഴ...

നിന്റെ നോട്ടം
എന്റെ ഉള്ളിലേക്ക്
ഒരു മഞ്ഞുസൂചി പോലെ
തറച്ചുകയറി

തണുത്ത,ഭീതിദമായ
വേദന.
ഉള്ളിലെ വെളിവായിപ്പോയ
ശൂന്യത.

പ്രതിരോധിക്കാന്‍ ഒന്നുമില്ലാതെ
നിരായുധയായി
എല്ലാ ആവരണങ്ങളുമഴിഞ്ഞ്
അങ്ങനെ…

വേദനയുടെ ഒരു കടല്‍
ഇരമ്പുന്നുണ്ടായിരുന്നു.
നിനക്ക് മാത്രം മായ്ച്ചുകളയാനാവുന്ന
ഒരുപാട് വ്യര്‍ത്ഥനിമിഷങ്ങള്‍
കനം തൂങ്ങി നില്‍ക്കുന്നുണ്ടായിരുന്നു.

എന്റെ സ്വപ്നങ്ങളുടെ
ശൂന്യമായ
വലക്കട്ടിലില്‍
മഴ പൊഴിയുന്നുണ്ടായിരുന്നു.

ഓര്‍മ്മകളുടെ ഈ
കനിവില്ലാത്ത മഴയില്‍
ഞാന്‍ നിന്റെ
തണല്‍ തേടുന്നു.

പോയ വര്‍ഷങ്ങളത്രയും
അതിവേഗം
എന്നില്‍ നിന്ന്
ഓടിയകന്നെങ്കില്‍…

Wednesday 6 August, 2008

ആകാശത്ത് വിതച്ച വാക്കുകള്‍

ആകാശത്ത് വിതച്ച
വാക്കുകള്‍
ഭൂമിയില്‍
ഏകാന്തമായി
മുളച്ചു...

സെല്‍ഫോണുകള്‍
കൂടുകെട്ടിയ
കാതുകളില്‍
അവ
മരിച്ചുവീണു...

Friday 25 July, 2008

പ്രഭാതത്തിലെ നടത്തം

മണ്ണടരുകളുടെ
മൃദുവായ തണുപ്പിലൂടെ,
കുന്നുകളുടെ
നിദ്രാലസ്യത്തിലൂടെ,
ആര്‍ദ്രമായ
മഞ്ഞലകള്‍ക്കുള്ളിലൂടെ
തുഴഞ്ഞ് മുന്നേറുന്ന
ഒരേകാന്തബിന്ദു...

കൈയെത്തും ദൂരത്ത്
ജീവിതത്തിലെ
ആഹ്ലാദം പോലെ
അപ്രാപ്യമായ
വെള്ളിമേഘങ്ങള്‍...

മേഘങ്ങള്‍ക്കും കുന്നുകള്‍ക്കും
ഏകാന്തതയ്ക്കുമിടയില്‍
നിശ്ചലമായ ജീവിതം
തളം കെട്ടിക്കിടക്കുന്നു,
ഉന്മാദത്തിന്റെ
അഗ്നിപര്‍വ്വതങ്ങളെ
ഉള്ളില്‍ വഹിച്ചുകൊണ്ട്...

Wednesday 23 July, 2008

സമയത്തിന്റെ തടവുകാര്‍

വല്ലപ്പോഴും കണ്ടുമുട്ടുമ്പോള്‍,
ഫോണ്‍ വിളിക്കുമ്പോള്‍
സ്വന്തം തിരക്കുകളെക്കുറിച്ചുമാത്രം
അവര്‍
വാചാലരായി.

പലതിനായി പകുത്ത്
ഒന്നിനും തികയാതെ
വഴുതിപ്പോകുന്ന
സമയത്തിന്റെ
തടവുകാര്‍...

സ്വിച്ച് ഓണ്‍ ചെയ്താല്‍
ഓഫാക്കുന്നതുവരെ
നിര്‍ത്താതെ ഓടുന്ന
മനുഷ്യര്‍
യന്ത്രങ്ങളെ പരിഹസിച്ചു.

കണ്ണീരും സ്നേഹവാക്കുകളും
മൃദുവായ നിമിഷങ്ങളും
ഉമ്മകളുമെല്ലാം
അവര്‍
ഒരൊറ്റ ക്ലിക്കില്‍
ഡിലീറ്റ് ചെയ്തു...!

Sunday 17 February, 2008

വെളിച്ചത്തിനെന്തു വെളിച്ചം!

ക്യാമറക്കണ്ണില്‍ ഒതുങ്ങാത്ത
നിന്റെ പ്രസാദം
എഡിറ്റിങ് ടേബിളില്‍ നിന്നും
പുറത്തുകടന്ന്
എന്റെ അകത്തേയ്ക്ക്
തുളുമ്പി...

കൂരിരുട്ടു കട്ട പിടിച്ച
ശൂന്യാകാശത്തിലേക്ക്
നിലാവിന്‍ കിണ്ണം
തട്ടിമറിച്ചിട്ട പോലെ...

വിരസമായ
ദിനങ്ങളുടെ മരുഭൂമിയില്‍
അത് നക്ഷത്രങ്ങള്‍
വിതച്ചു...

വെളിച്ചം വിളയുന്ന
ഈ പാ‍ടത്ത്
വെളിച്ചത്തിനെന്തു
വെളിച്ചം!

Saturday 16 February, 2008

ലളിതം...

ഒന്നോര്‍ത്തുനോക്ക്,
ജീവിതം എത്ര ലളിതം!


എ ടി എം പെറുന്ന,
മദ്യമായി സ്വന്തം
ഉള്ളിലേക്ക്
തിരിച്ചെത്തുന്ന,
പണം...

സോഷ്യല്‍ സ്റ്റാറ്റസിന്റെ
ചിലവില്‍
ഉടമസ്ഥാവകാശം നേടുന്ന
ശരീരത്തില്‍
സ്നേഹമുണ്ടോ
എന്നന്വേഷിച്ച്
സമയം കളയാത്ത
മനസ്സ്...

പ്രണയം
ത്ഫൂ...

ജീവിക്കാന്‍
എന്തെളുപ്പം...

Monday 11 February, 2008

ഷോപ്പിങ്ങ് മാളില്‍നിന്ന് നോക്കുമ്പോള്‍...

ഷോപ്പിങ്ങ് മാളില്‍
ഗായകസംഘം
അലറുന്നു...


വര്‍ണ്ണക്കുപ്പായമിട്ട
മുടിയിഴകളുമായി
നടന്നുനീങ്ങുന്ന
ആളുകള്‍...

ഷൂവിന്റെയും
തുകല്‍ച്ചെരിപ്പുകളുടെയും
ഇടവിട്ട താളങ്ങള്‍...

ഇവയ്ക്കിടയില്‍
പിഞ്ഞിപ്പോയ
മനസ്സും പൊത്തിപ്പിടിച്ച്
ഞാന്‍ പുറത്തേക്ക്
നോക്കി...

അങ്ങുദൂരെ
ഒരുപൊട്ടുപോലെ
ഒരു ചെറിയ വീടും
കാസരോഗിയായ
അച്ഛനും
കറുത്തുമെല്ലിച്ച
അമ്മയും-
എന്നാണ്
ഈ വര്‍ണ്ണനാദ-
ധനവിസ്മയങ്ങള്‍
അവരെ മായ്ച്ചുകളയുന്നത്?

തനിനാടന്‍ മട്ടിലുള്ള
ശ്വാസോച്ഛ്വാസവും
ദാരിദ്ര്യചിഹ്നങ്ങളുമായി
എന്റെ അധമബോധം
നിന്നുപരുങ്ങി.

എന്നെ എന്നാണിവര്‍
വെട്ടിത്തിരുത്തി
ഒരു തിളങ്ങുന്ന
വാക്യമാക്കി മാറ്റുന്നത്?

ഷോപ്പിങ്ങ് മാളില്‍
ഗായകസംഘം
ഉറഞ്ഞാടുന്നു...

പുറത്ത്
തണുത്തുവിറച്ച്
നിറംകെട്ട്
പാവം നഗരം
ആത്മാവിലേക്കു
തല പൂഴ്ത്തി
മെല്ലെ ഒഴുകുന്നു...

Wednesday 30 January, 2008

ജീവിതം@ഭൂമി.കോം

ഓണ്‍ലൈനില്‍ ആഘോഷിക്കപ്പെട്ട്
ഗ്ലാസുകളില്‍ നുരഞ്ഞുപതഞ്ഞ്
ചുണ്ടുകളില്‍ എരിഞ്ഞുപുകഞ്ഞ്
വെള്ളിത്തിരയില്‍ നിറഞ്ഞുകവിഞ്ഞ്
ഉടലുകളില്‍ പൂര്‍ണ്ണത തേടി
ഒടുവില്‍
ഭൂമിയില്‍ മടങ്ങിയെത്തുമ്പോള്‍,
ദുര്‍ബലമായ കരച്ചിലുമായി
പതുങ്ങിയെത്തി,
തണുത്ത മൂക്കുരുമ്മുന്നു,
ജീവിതം.

നിറം കെട്ടുപോയ ചിരികള്‍ക്കിടയിലൂടെ
കനലണഞ്ഞുപോയ സംഗീതത്തിലൂടെ
സമാധിയായ വാക്കുകള്‍ക്കിടയിലൂടെ
അത് മുഖമുരുമ്മി നടക്കുന്നു,
നിത്യമായ തണുപ്പിന്റെ
ദൂതനെന്നപോലെ...

Saturday 26 January, 2008

പദപ്രശ്നം

എത്ര പൂരിപ്പിച്ചിട്ടും
ശരിയാവാത്ത ഒരു
വിഷമപദപ്രശ്നം
ബാക്കിയായി

ഒരിക്കലും പൂര്‍ത്തീകരിക്കാതെ
കടലാസുതാളുകള്‍ക്കുള്ളില്‍
നിറം മങ്ങി മരിച്ചുപോവുന്ന
ഒരു പദപ്രശ്നം!

സ്നേഹം എന്നോ
അല്ലെങ്കില്‍
ഞാന്‍ എന്നോ
അതുമല്ലെങ്കില്‍
മനുഷ്യന്‍ എന്നോ
ഏതുപേരാണ്
ആ പദപ്രശ്നത്തിന്
കൂടുതല്‍ അനുയോജ്യം?

Tuesday 22 January, 2008

നിഴല്‍നാടകങ്ങള്‍

ഭ്രഷ്ടന്മാരുടെയും
ഏകാകികളുടെയും
സംഘഗാനം കൊണ്ട്
മുഖരിതമാവുന്ന
രാത്രികള്‍...

ശരിതെറ്റുകളുടെ
വഴുക്കന്‍ നിലങ്ങളില്‍
ഉലഞ്ഞുനീങ്ങുന്ന
ജീവിതം...

ആരുടെയോ കഥയ്ക്കനുസരിച്ച്
ആടിത്തീര്‍ക്കുന്ന,
കാണിയും അഭിനേതാവും
ഒന്നായ
നിഴല്‍നാടകങ്ങള്‍...