Sunday, 17 February 2008

വെളിച്ചത്തിനെന്തു വെളിച്ചം!

ക്യാമറക്കണ്ണില്‍ ഒതുങ്ങാത്ത
നിന്റെ പ്രസാദം
എഡിറ്റിങ് ടേബിളില്‍ നിന്നും
പുറത്തുകടന്ന്
എന്റെ അകത്തേയ്ക്ക്
തുളുമ്പി...

കൂരിരുട്ടു കട്ട പിടിച്ച
ശൂന്യാകാശത്തിലേക്ക്
നിലാവിന്‍ കിണ്ണം
തട്ടിമറിച്ചിട്ട പോലെ...

വിരസമായ
ദിനങ്ങളുടെ മരുഭൂമിയില്‍
അത് നക്ഷത്രങ്ങള്‍
വിതച്ചു...

വെളിച്ചം വിളയുന്ന
ഈ പാ‍ടത്ത്
വെളിച്ചത്തിനെന്തു
വെളിച്ചം!

Saturday, 16 February 2008

ലളിതം...

ഒന്നോര്‍ത്തുനോക്ക്,
ജീവിതം എത്ര ലളിതം!


എ ടി എം പെറുന്ന,
മദ്യമായി സ്വന്തം
ഉള്ളിലേക്ക്
തിരിച്ചെത്തുന്ന,
പണം...

സോഷ്യല്‍ സ്റ്റാറ്റസിന്റെ
ചിലവില്‍
ഉടമസ്ഥാവകാശം നേടുന്ന
ശരീരത്തില്‍
സ്നേഹമുണ്ടോ
എന്നന്വേഷിച്ച്
സമയം കളയാത്ത
മനസ്സ്...

പ്രണയം
ത്ഫൂ...

ജീവിക്കാന്‍
എന്തെളുപ്പം...

Monday, 11 February 2008

ഷോപ്പിങ്ങ് മാളില്‍നിന്ന് നോക്കുമ്പോള്‍...

ഷോപ്പിങ്ങ് മാളില്‍
ഗായകസംഘം
അലറുന്നു...


വര്‍ണ്ണക്കുപ്പായമിട്ട
മുടിയിഴകളുമായി
നടന്നുനീങ്ങുന്ന
ആളുകള്‍...

ഷൂവിന്റെയും
തുകല്‍ച്ചെരിപ്പുകളുടെയും
ഇടവിട്ട താളങ്ങള്‍...

ഇവയ്ക്കിടയില്‍
പിഞ്ഞിപ്പോയ
മനസ്സും പൊത്തിപ്പിടിച്ച്
ഞാന്‍ പുറത്തേക്ക്
നോക്കി...

അങ്ങുദൂരെ
ഒരുപൊട്ടുപോലെ
ഒരു ചെറിയ വീടും
കാസരോഗിയായ
അച്ഛനും
കറുത്തുമെല്ലിച്ച
അമ്മയും-
എന്നാണ്
ഈ വര്‍ണ്ണനാദ-
ധനവിസ്മയങ്ങള്‍
അവരെ മായ്ച്ചുകളയുന്നത്?

തനിനാടന്‍ മട്ടിലുള്ള
ശ്വാസോച്ഛ്വാസവും
ദാരിദ്ര്യചിഹ്നങ്ങളുമായി
എന്റെ അധമബോധം
നിന്നുപരുങ്ങി.

എന്നെ എന്നാണിവര്‍
വെട്ടിത്തിരുത്തി
ഒരു തിളങ്ങുന്ന
വാക്യമാക്കി മാറ്റുന്നത്?

ഷോപ്പിങ്ങ് മാളില്‍
ഗായകസംഘം
ഉറഞ്ഞാടുന്നു...

പുറത്ത്
തണുത്തുവിറച്ച്
നിറംകെട്ട്
പാവം നഗരം
ആത്മാവിലേക്കു
തല പൂഴ്ത്തി
മെല്ലെ ഒഴുകുന്നു...