Sunday, 19 December 2010

ചായക്കപ്പുകളുടെ സഞ്ചാരം

ശാലിനി എന്നാണു പേരെങ്കിലും
ശാലീനത ഒട്ടുമില്ലെന്ന്
മുറുമുറുത്താണ്
ആദ്യം കാ‍ണാൻ വന്നവൻ
ഇറങ്ങിപ്പോയത്.
ശാലീനതയ്ക്കുള്ള
ലേപനങ്ങൾ അന്വേഷിച്ച്
കടന്നുപോയി കാലം...

കരിവണ്ടുപോലത്തെ
തലമുടിയുടെ ഭംഗിയെ
കാവ്യാത്മകമായി വാഴ്ത്തി
രണ്ടാമൻ പടിയിറങ്ങിയപ്പോൾ
വാശിയ്ക്ക് ഞാൻ മുടി
കാപ്പിരികളെപ്പോലെ ചുരുട്ടി...

സീമയുടേതുപോലുള്ള
ചുണ്ടുകളേ ഉമ്മവെയ്ക്കാൻ കൊള്ളൂ
എന്ന് കണ്ണിറുക്കി
ശബ്ദം താഴ്ത്തി
മറ്റൊരുത്തൻ.
കല്ലുകെട്ടിത്തൂക്കീട്ടും
മലരാൻ മടിച്ചു
എന്റെ പാവം ചുണ്ടുകൾ...

പഞ്ചജീരകഗുഡത്തിന്റെ
മാങ്ങാപ്പരസ്യവും
എന്റെ മെലിഞ്ഞ ശരീരവും
‘കൌണ്ടർകട്ട്“ ചെയ്ത്
കണ്ണിൽ പുച്ഛം വിരിയിച്ചു,
അടുത്തതായി വന്ന
മധ്യവയസ്കൻ.
അയാളുടെ മുന്നിലേക്ക്
മുസ്ലിപവർ എക്സ്ട്രായുടെ
പരസ്യത്താൾ നീക്കിയിട്ട്
ഞാനും ഒന്നു ചിരിച്ചു.
(എനിയ്ക്കും ചിരിക്കണ്ടേ?)

പ്രായം കൂടിപ്പോയെന്നും
മുടി ചുരുണ്ടുപോയെന്നും
തനി നാടൻ മട്ടെന്നും
പറഞ്ഞാണ്
പിന്നീട് ചായക്കപ്പുകൾ
ഒഴിഞ്ഞുകൊണ്ടിരുന്നത്.
ചായക്കപ്പുകളുടെ
സഞ്ചാരം നിലച്ചപ്പോളേക്കും
എനിക്ക് എന്നെ കാണാനില്ലാതായിരുന്നു