Saturday, 3 December, 2011

വിവർത്തനത്തിൽ നഷ്ടമാവുന്നത്...

"നീ എന്നെ ഇങ്ങനെ
വിവർത്തനം ചെയ്യുന്നതെന്തിന്?"
രാത്രി സൂര്യനോടു ചോദിച്ചു.
"നിന്നിൽ നഷ്ടപ്പെട്ട
എന്നെ വീണ്ടെടുക്കാൻ മറ്റു വഴിയില്ലല്ലോ..."
ശ്യാമസൂര്യൻ ചിന്തയിലാണ്ടു...
"എന്റെ മഞ്ഞുകണങ്ങളെ
നീ മണൽത്തുള്ളികളാക്കുന്നു.
എന്റെ നിശ്ശബ്ദത
നിന്നിൽ കരിയുന്നു
ഒടുവിൽ ഞാൻ
മാഞ്ഞ് ഇല്ലാതാവുന്നു.
നീ മായ്ച്ചുകളഞ്ഞ
വിളറിയ ഒരോർമ്മപ്പാടായി
ഞാൻ വിവർത്തിതമാവുന്നു..."
രാത്രി വിതുമ്പി.
"വിവർത്തനത്തിൽ
നഷ്ടമാവുന്നത്
ഞാൻ തന്നെയാണ്.."

Saturday, 23 July, 2011

മാമ്പൂക്കൾ സാക്ഷി

വെറുംകയ്യോടെ യാത്രയാക്കിയല്ലൊ
കുന്നിൻ ചരിവിറങ്ങുന്ന മഴയോടൊപ്പം
ഒരു ഉത്സവക്കാലത്തെ...

വാക്കുകളിൽ തല ചായ്ച്ച്
മഴ പതുക്കെ നനഞ്ഞ്
വിരൽത്തുമ്പുകളിൽ കാറ്റുപെരുക്കി
കുഞ്ഞുമ്മകൾക്ക് കാതോർത്ത്
മൃദുവെയിൽ തലോടിയ
ഒരു ഭ്രാന്തൻ കാലം
കയ്യെത്തുംദൂരത്തിൽ
പോയ്മറഞ്ഞുകൊണ്ടേയിരിക്കുന്നു.

എന്നാണാവോ ഇനി
വെയിലേറ്റുകരുവാളിച്ച പൂച്ച
മഴവെള്ളം കുടഞ്ഞുകളഞ്ഞ്
പച്ചിലകൾക്കിടയിലേക്ക്
ഓടിമറയുന്ന സ്വപ്നം
എന്നെ വിട്ടൊഴിയുക?

Friday, 11 March, 2011

:)

നിങ്ങൾ എന്റെയൊപ്പം
ഇത്തിരി ജീവിതം കൂടാൻ വരുന്നുവോ?

പാലിന്റെയും പച്ചക്കറികളുടെയും
മണമാർന്ന അടുക്കളപ്രഭാതങ്ങൾക്ക്
ഭംഗി പോരെന്ന് പറയരുത്

ശൂന്യത പുരണ്ട ഉച്ചകൾ
കാവ്യാത്മകമല്ലെന്ന് പരിഭവിക്കരുത്

വാഷിങ്പൌഡറിൽ കുതിർന്ന സായാഹ്നങ്ങൾ
അസഹ്യങ്ങളെന്ന് മുഖം ചുളിക്കരുത്

‘വീടും സീരിയലും പാത്രങ്ങളും സാരികളും നുണകളും
സമം നീ ‘എന്നു സമവാക്യമുണ്ടാക്കി
എന്റെ ഉള്ളംകയ്യിൽ കോറിയിട്ട് രസിക്കരുത്

‘എന്നാലും നിന്നെ എനിക്കിഷ്ടമാണു പെണ്ണേ‘
എന്ന് ചെവിയിൽ ചുണ്ടുചേർത്ത് കള്ളം പറയരുത്

മനോഹരമായി പറയപ്പെടുന്ന
നുണകളാണ് ജീവിതം എന്നറിയാഞ്ഞിട്ടല്ല

എന്നെങ്കിലും നമുക്കിടയിലുള്ള
ഈ കടൽ കടക്കാനാവുമോ
എന്ന പരിണാമഗുപ്തിയിലുള്ള
ആകാംക്ഷ കൊണ്ടാണ്...
:)

Saturday, 19 February, 2011

ഒന്നാം പാഠം

കറുപ്പും വെളുപ്പുമാർന്ന കളങ്ങളിൽ
കരുക്കൾ നീക്കി,
ക്രൂരമായി ചതുരംഗം കളിക്കുന്നതിനിടെ
കാലം ഒരു കടങ്കഥ ചോദിച്ചു:
“എല്ലാരും തോറ്റുപോകുന്ന
കളികൾ ഏത്?”
“പ്രണയവും യുദ്ധവും” എന്ന്
പാവം ജീവിതങ്ങൾ കൊണ്ട്
മനുഷ്യർ ഉത്തരം നൽകി.
എല്ലാ വേദികളും ശൂന്യമാവുമെന്നും,
എല്ലാ കയറ്റങ്ങളും ഇറക്കങ്ങളെ
ഉൾക്കൊള്ളുന്നെന്നും,
കടലിനുള്ളിൽ മരുഭൂമി
നിലവിളിക്കുന്നുണ്ടെന്നും
പുസ്തകത്തിൽ ഉൾപ്പെടുത്താൻ
വിട്ടുപോയ ഒന്നാം പാഠം...

Tuesday, 1 February, 2011

എന്റെ (ബിവറേജസ്)കോർപറേറ്റ് സ്വപ്നങ്ങൾ

ബിവറേജസ് കോർപറേഷന്റെ
നീണ്ട ക്യൂവിൽ അനന്തമായി
കാത്തുനിന്നാണ് ഞാൻ
ക്ഷമയുടെ ആദ്യപാഠങ്ങൾ
പഠിച്ചത്...

അവിടത്തെ ചില്ലലമാരയിലെ
പലനിറക്കുപ്പികളിൽ നിന്നാണ്
എന്റെ ബ്ലാക്ക് & വൈറ്റ് സ്വപ്നങ്ങൾ
മൾട്ടികളർ ആയത്...

ഒരു പൈന്റ് റമ്മിന്റെക്ഷീണം
തീർക്കാൻ കെട്ട്യോളെ തല്ലിയും
പാത്രങ്ങൾ എറിഞ്ഞുടച്ചും
ആണത്തം തെളിയിക്കാറായതും
ബിവറേജസ് അളിയന്റെ
സഹായം കൊണ്ടുതന്നെ...

ബിവറേജസ് തമ്പുരാനേ
ശിഷ്ട(കഷ്ട)ജീവിതകാലത്ത്
എനിക്ക് നീ താൻ തുണ...