Wednesday, 31 January, 2007

കടല്‍ത്തീരത്ത്‌

കടല്‍ത്തീരത്ത്‌
ഇളംനനവുള്ള മണലില്‍
ആരുടെയോ കാലടിപ്പാടുകള്‍...

തിര കവര്‍ന്നെടുത്ത പേരുകള്‍
കാലം മായ്ച്ചുകളഞ്ഞ ഓര്‍മ്മകള്‍
അനാഥമായിപ്പോയ സ്നേഹബിന്ദുക്കള്‍
ചിതറിപ്പൊയ കുപ്പിവളപ്പൊട്ടുകള്‍...

Tuesday, 30 January, 2007

തണുപ്പ്‌

ഭൂമിയുടെ മുലക്കണ്ണിലൂടെ
വിറയാര്‍ന്നുനീങ്ങുന്ന
വിരല്‍ത്തുമ്പുപോലെ
ബസ്സ്‌...

ഉറക്കത്തിന്റെ
വഴുക്കന്‍ നിലങ്ങളില്‍
ഉഴലുന്ന മനുഷ്യര്‍...

ഗര്‍ഭപാത്രത്തില്‍ നിന്നും
മൃതിയിലേക്കു നീളുന്ന
തണുപ്പ്...

ബസ്സിനുള്ളില്‍
കുളിര്‍ന്നുവിറയ്ക്കുന്ന
വിമൂകമാം രാത്രിയും
ഞാനും...

ഞാന്‍...

ഞാന്‍
മേഘത്തുണ്‌ടുകളില്‍ത്തട്ടി
അലിഞ്ഞുപോകുന്നൊരു
ഏകാന്തനാദബിന്ദു...

രാത്രികളില്‍
തെരുവിലൂടെ അലയുന്ന
അനാഥമായൊരു നിലവിളി...

നീലനീലമായ
സമുദ്രത്തിന്റെ ഉള്ളിലേയ്ക്ക്‌
ആണ്ടുപോകുന്നൊരു
വെള്ളാരങ്കല്ല്‌...

ഇളംകാറ്റുപോല്‍ മന്ദം
പ്രചണ്ഡചണ്ഡമാരുതന്‍ പോല്‍
നാശോന്മുഖം
ഭൂമിയെപ്പോല്‍ സര്‍വംസഹ...

കൊടുങ്കാറ്റിലുറച്ച്‌
ഇളംകാറ്റില്‍
പിഴുതെറിയപ്പെടുന്നവള്‍...

Monday, 29 January, 2007

ഞാനും നീയും...

ഒരിയ്ക്കലെങ്കിലും രാത്രിയില്‍
തനിച്ചു്‌,
പൂര്‍ണ്ണമായും തനിച്ചു്‌,
നടന്നിട്ടുണ്ടോ നീ?

വലിപ്പമേറി വരുന്ന ഭൂഗോളത്തിന്ടെ
ഇങ്ങേത്തലയ്ക്കു്‌,
ആകാശവും ഭൂമിയും
കൂട്ടിമുട്ടുന്ന അപാരതയ്ക്കു കീഴെ,
തനിച്ചിരുന്നു വിറയ്ക്കുന്ന
ഒറ്റത്താരകയുടെ കണ്‍കോണില്‍,
ഓര്‍മ്മകളുടെ ഇല കൊഴിയുന്ന
ക്രൂരമായ ശിശിരത്തില്‍,
നിരന്തരം പിന്തുടരുന്ന
വീണ്‍വാക്കുകളുടെ മരുപ്പറമ്പില്‍,
ഒറ്റയ്ക്കകപ്പെട്ടിട്ടുണ്ടോ നീ?

കണ്ണെത്താദൂരത്തോളം
പരന്നു കിടക്കുന്ന
ഊഷരഭൂമി നിന്നെ
പേടിപ്പിച്ചിട്ടുണ്ടോ?

ഒരു ചെറുപുല്‍ക്കൊടിയുടെ
സൌഹൃദം തേടി
ഒരു ചെറുനീരുറവയുടെ ഹൃദയം തേടി
നെഞ്ചുപൊട്ടി അലഞ്ഞിട്ടുണ്ടോ നീ?

അപാരതയുടെ അനാഥമായ മണല്‍വഴികളില്‍
നിന്‍ടെ പേരു്‌ കോറിയിട്ടിട്ടുണ്ടോ,
ആരും ഒരിയ്ക്കലും കാണില്ലെന്നുറപ്പുണ‍ടായിട്ടും,
കാറ്റിനാല്‍ മായ്ക്കപ്പെടാന്‍
മാത്രമാണെങ്കിലും?

എങ്കില്‍ നമുക്കു പരസ്പരം
പരിചയപ്പെടാം
ഞാന്‍ ഏകാന്തത,
നീ അനാഥത്വം...!

തേങ്ങുന്ന ചുഴലിക്കാറ്റ്‌...

പൂര്‍ണാദാസ്‌ ബാവുല്‍,

അറിയാദേശത്തൂടെ
ഗോതമ്പുവയലുകള്‍ക്കിടയിലൂടെ
ഒഴുകിയൊഴുകിപ്പോകുന്ന
ഒരു ആനന്ദക്കരച്ചിലാണു നീ...

പരിപൂര്‍ണനായ ബാവുല്‍
നീയെന്റെ ആനന്ദമാണ്‌ പാടുന്നത്‌.

ഉറഞുപോയ കണ്ണീരു്‌
നിന്റെ നാദത്തില്‍ ഉയിര്‍ക്കൊള്ളുന്നു.

ഗോതമ്പുവയലുകള്‍ക്കു മുകളിലൂടെ
ഒരു ചുഴലിക്കാറ്റ്‌ വിങ്ങിക്കരയുന്നു.

പൂര്‍ണാദാസ്‌,
എന്നിലെ അജ്ഞാതമായ മോഹങ്ങളെ
നിത്യയാത്രികയെ
ഒക്കെ നിന്നിലൂടെ അറിഞ്ഞു്‌
ഞാന്‍ ശൂന്യയാകുന്നു...

ബാവുല്‍,
ഗോതമ്പുവയലുകള്‍ക്കിടയിലെ
തണുത്ത ഇടിമിന്നല്‍ പെയ്യുന്ന
ഒരു സം ഗീതരാത്രി-
-ഒരു ആനന്ദരാത്രി -
എനിക്കായ്‌ മാറ്റിവെയ്ക്കുക-
എനിക്കായ്‌ മാത്രം...!

Friday, 12 January, 2007

യാത്രാമൊഴി

പറയുവതെങ്ങനെ നിന്‍ കഥ
നീലമാം സ്നേഹസാഗരസമാരംഭം?

ചേലത്തുമ്പാല്‍ മിഴി തുടച്ചും
കുറിക്കൂട്ടാല്‍ സ്നേഹമൊളിച്ചും
പോവുകയാണവര്‍
നിന്‍പ്രിയസഖിമാര്‍

പ്രായവും വേഷവും പലതാകിലും
രൂപവും ഭാവവും മാറുമെന്നാകിലും
ഉള്ളിലൊരേ സ്നേഹമേറ്റി നടന്നവര്‍
നിനക്കന്ത്യ യാത്രാമൊഴി ഏകിടാനെത്തുവോര്‍...

അവരുടെ ചിരികള്‍ പാഥേയമാക്കി
കത്തും നീലനിലാവിന്റെ സൌമ്യചുംബനംനല്കി
പതിനാറായിരത്തെട്ടുപേരെയും ഒന്നിച്ചുജ്വലിപ്പിച്ച്‌ നീ പൊയതെവിടേയ്ക്ക്..

ഈ യാത്രയ്ക്കൊപ്പം
ഇട മുറിയാക്കണ്ണീരിനൊപ്പം
വിളര്‍ത്ത മുഖമൊപ്പി ഞാനും എന്‍ പാവമാം
സ്നേഹവും കൂടെയുന്ട്,
പോവുക, സഖേ, പോവുക...

Thursday, 11 January, 2007

ദുസ്വപ്നം

എത്ര അടിച്ചുവാരിയിട്ടും
എത്ര തുടച്ചുമിനുക്കിയിട്ടും
വ്രുത്തിയാവാത്ത ഒരു വീട്...

അവിടെയിരുന്നു അവള്‍
ഒരുനാള്‍
കൊന്നപ്പൂക്കളെ
ദുസ്വപ്നം കണ്ടു....

അടുപ്പത്തിരുന്ന പരിപ്പ്‌
കരിഞ്ഞു...

ഒരു ഗൌളിവാല്‍
അറ്റുവീണു പിടഞ്ഞു..

കരിഞ്ഞ പരിപ്പും
അറ്റുവീണ ഗൌളിവാലും
ചവറ്റുകുട്ടയിലേക്കു നീങ്ങി..

അവ മാറാലകള്‍ക്കും
വീണ്‍ വാക്കുകള്‍ക്കുമൊപ്പം
അവിടെ സസുഖം വാണു..

അവള്‍ കരിഞ്ഞ പാത്രം
തേച്ചുകഴുകാന്‍ തുടങ്ങി,
നിലം പാടുകളില്ലാതെ
തുടച്ചുമിനുക്കാനും........

Tuesday, 9 January, 2007

വേഷങ്ങള്‍......

കുളി കഴിഞ്ഞപ്പോള്‍
ഏതു വേഷം കെട്ടണമെന്നു
ഒരു ഞൊടി
കുഴങ്ങിപ്പോയ് ഞാന്‍...

പാല്‍ മണം മാറാതത
കുഞ്ഞുമോള്‍ക്കൊരു അമ്മസ്നേഹവേഷം

സൂക്ഷ്മതയാര്‍ന്ന ഭര്‍ത്താവിന്‍റ്റെ കണ്ണിനു
കുറ തീര്‍ന്നൊരു [നല്ല!]പാതിവേഷം

ഭസ്മക്കുറി പോലുള്ള അമ്മയ്ക്കായൊരു
തുന്നിക്കൂട്ടിയ കുട്ടിവേഷം

ചുളിച്ച കണ്ണുള്ള നാട്ടുകാര്‍ക്കായ്
ഒരു ചുളിയാത്ത വീട്ടമ്മവേഷം

സ്നേഹിതര്‍ക്കു മുന്പില്‍ അണിയാന്‍
എണ്ണമില്ലാത്തത്ര
പലനിറക്കുപ്പായങ്ങള്‍

ഇവയ്ക്കിടയില്‍ നിനക്കായ്
മാറ്റിവെച്ചൊരു രഹസ്യക്കുപ്പായവുമുന്ട്‌

''അണിയാന്‍ കാത്തിരുന്നു
വയസ്സായിപ്പോയി" എന്നു പരാതി പറയുന്ന
ഒരു തനിപ്പെണ്‍വേഷം

ഇന്നു ഏതു വേഷത്തിലാണു തുടങ്ങുക?