Monday, 29 January 2007

ഞാനും നീയും...

ഒരിയ്ക്കലെങ്കിലും രാത്രിയില്‍
തനിച്ചു്‌,
പൂര്‍ണ്ണമായും തനിച്ചു്‌,
നടന്നിട്ടുണ്ടോ നീ?

വലിപ്പമേറി വരുന്ന ഭൂഗോളത്തിന്ടെ
ഇങ്ങേത്തലയ്ക്കു്‌,
ആകാശവും ഭൂമിയും
കൂട്ടിമുട്ടുന്ന അപാരതയ്ക്കു കീഴെ,
തനിച്ചിരുന്നു വിറയ്ക്കുന്ന
ഒറ്റത്താരകയുടെ കണ്‍കോണില്‍,
ഓര്‍മ്മകളുടെ ഇല കൊഴിയുന്ന
ക്രൂരമായ ശിശിരത്തില്‍,
നിരന്തരം പിന്തുടരുന്ന
വീണ്‍വാക്കുകളുടെ മരുപ്പറമ്പില്‍,
ഒറ്റയ്ക്കകപ്പെട്ടിട്ടുണ്ടോ നീ?

കണ്ണെത്താദൂരത്തോളം
പരന്നു കിടക്കുന്ന
ഊഷരഭൂമി നിന്നെ
പേടിപ്പിച്ചിട്ടുണ്ടോ?

ഒരു ചെറുപുല്‍ക്കൊടിയുടെ
സൌഹൃദം തേടി
ഒരു ചെറുനീരുറവയുടെ ഹൃദയം തേടി
നെഞ്ചുപൊട്ടി അലഞ്ഞിട്ടുണ്ടോ നീ?

അപാരതയുടെ അനാഥമായ മണല്‍വഴികളില്‍
നിന്‍ടെ പേരു്‌ കോറിയിട്ടിട്ടുണ്ടോ,
ആരും ഒരിയ്ക്കലും കാണില്ലെന്നുറപ്പുണ‍ടായിട്ടും,
കാറ്റിനാല്‍ മായ്ക്കപ്പെടാന്‍
മാത്രമാണെങ്കിലും?

എങ്കില്‍ നമുക്കു പരസ്പരം
പരിചയപ്പെടാം
ഞാന്‍ ഏകാന്തത,
നീ അനാഥത്വം...!

10 comments:

മഹേഷ് said...

ഇത്രയധികം അക്ഷരത്തെറ്റുകള്‍ വരുന്നത് ഒഴിവാക്കാന്‍ വഴിയൊന്നുമില്ലേ?

G.MANU said...

വരികല്‍ മനസിനെ പിടിച്ചുലക്കുന്നു. അഭിനന്ദനങ്ങള്‍

സാരംഗി said...

ഏകാന്തതയും അനാഥത്വവും ആയി അവതരിപ്പിച്ച 'ഞാനും നീയും' വളരെ നന്നായിട്ടുണ്ട്‌.പുതിയ രചനകള്‍ക്കായി കാത്തിരിയ്ക്കുന്നു.

chithrakaran ചിത്രകാരന്‍ said...

ഇതു കൊള്ളാമല്ലൊ
സുനിത ടിവി.
അമൃതടിവി.,ജീവണ്ടിവി !!!
യാദൃശ്ചികതയുടെ കൌതുകമുണര്‍ന്നതാണ്‌.
കളിയാക്കിയതല്ല...
ഞാനും നീയും നന്നായിരിക്കുന്നു.
കവിയുടെ ഇടവും വലവും തമ്മില്‍ പരിചയപെടുംബൊള്‍ അതിനെ ഏകാന്തതയായും അനാഥത്വമായും നാമകരണം ചെയ്തതായി തൊന്നുന്നു. ദ്വനിയും, പ്രതിദ്വനിയും കൂട്ടുകാരായി കവിമനസില്‍ നിന്നും പുറത്തിരങ്ങുന്നു... പുതിയ കൂട്ടുകാരെത്തേടി !!

Areekkodan | അരീക്കോടന്‍ said...

എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഇല്ല എന്നാണെങ്കിലും നമുക്ക്‌ പരിചയപ്പെടാം... ഞാന്‍ അരീക്കോടന്‍... താങ്കള്‍ കോഴിക്കോടന്‍

കണ്ണൂരാന്‍ - KANNURAN said...

ഒരു ചെറുപുല്‍ക്കൊടിയുടെ
സൌഹൃദം തേടി
ഒരു ചെറുനീരുറവയുടെ ഹൃദയം തേടി
നെഞ്ചുപൊട്ടി അലഞ്ഞിട്ടുണ്ടോ നീ?
അര്‍ത്ഥവത്തായ വരികള്‍... പോസ്റ്റിടുമ്പോള്‍ ഒരു ചെറു കമന്റുകൂടി ഇട്ടാല്‍ പിന്മൊഴിയിലൂടെ നേരത്തെ അറിയാന്‍ സാധിക്കും.

ഇട്ടിമാളു അഗ്നിമിത്ര said...

എന്തിനീ ഒറ്റപ്പെടല്‍ .. ഇഷ്ടകേടാവില്ലെങ്കില്‍ .. ഞാനിവിടെ അരികില്‍ ഇരുന്നോട്ടെ.. വെറുതെ.. ഒന്നു പരിചയപ്പെടാന്‍ ..

Jayesh/ജയേഷ് said...

വായനാശേഷം കുറച്ചു നേരം ചിന്തിച്ചിരിക്കാന്‍ തോന്നിപ്പിക്കുന്ന വരികള്‍ ... വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം .....

Jayesh/ജയേഷ് said...

വായനാശേഷം കുറച്ചു നേരം ചിന്തിച്ചിരിക്കാന്‍ തോന്നിപ്പിക്കുന്ന വരികള്‍ ... വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം .....

സുനീത.ടി.വി. said...

1]മഹേഷ്,ഇളമൊഴിയാണ്` ഉപയോഗിക്കുന്നത്‌.ഇത്രയേ പറ്റുന്നുള്ളൂ..
2]മനൂ, സാരംഗീ,ചിത്രകാരാ,കണ്ണൂരാന്‍,ജയേഷ്‌,ഇട്ടിമാളൂ
നല്ലവാക്കുകള്‍ക്കു നന്ദി..
3}അരീക്കോടന്‍, അതു ഗംഭീരമായി.
ഞാന്‍ പറഞ്ഞുവരുമ്പോള്‍ നിങ്ങളുടെ തൊട്ടയല്‍വാസിയായിവരും!
എല്ലാവര്‍ക്കും നന്ദി..