Saturday, 24 February, 2007

നിന്റെ ജീവിതത്തിനരികിലൂടെ...

നിന്റെ പട്ടണത്തിലൂടെ,
നിന്റെ വീടിനു മുന്നിലൂടെ,
പരസ്യചിത്രം പോലുള്ള
നിന്റെ ജീവിതത്തിനരികിലൂടെ
ഞാന്‍ ഇന്നലെ
കടന്നുപോയി...

വാക്കുകളുടെ
വിരല്‍ത്തുമ്പാല്‍
ഞാന്‍ നിന്നെ
തൊടാന്‍ ശ്രമിച്ചു...

പിന്നെ, തൂവെള്ളത്താളില്‍
എന്റെ നിഴലിന്റെ
കരി പടരാതിരിക്കാന്‍
ഏറെ ശ്രദ്ധിച്ച്‌
തിരിച്ചുപോന്നു...

Friday, 23 February, 2007

ഈ നിശ നിന്നെ തനിച്ചാക്കുന്നുവോ ...?

[എല്‍വിസ് പ്രെസ് ലിയുടെ പ്രസിദ്ധമായ 'Are You Lonesome Tonight?'എന്ന ഗാനത്തിന്റെ ഒരു ഏകദേശവിവര്‍ത്തനം]

ഈ രാത്രി
എന്റെ അസാന്നിധ്യം
നിന്നെ വേദനിപ്പിക്കുന്നുവോ?

ഞാന്‍ നിന്നെ ആദ്യമായി
ഉമ്മ വെച്ച,
ഓമനേ എന്നു വിളിച്ച
ആ ശരത്കാലദിനത്തിലേക്ക്‌
നിന്റെ ഓര്‍മ്മകള്‍
ചേക്കേറുന്നുവോ?

നിന്റെ മുറിയില്‍ കസേരകള്‍
ശൂന്യമായിരിക്കുന്നുവോ?

നീ നിന്റെ വാതില്‍പ്പടിയില്‍ എന്നെ
സങ്കല്‍പിക്കുന്നുവോ?

നിന്റെ ഹൃദയം വേദന കൊണ്ട്‌
നിറ്ഞ്ഞിരിക്കുന്നുവോ
ഞാന്‍ തിരിച്ചുവരട്ടയോ?

പറയൂ,പ്രിയേ, ഈ രാത്രി
നിന്നെ തനിച്ചാക്കുന്നുവോ?

ആരോ പറഞ്ഞു, ഈ ലോകം
ഒരു വേദിയാണെന്ന്`,
നാമോരോരുത്തരും
അതിലെ വേഷക്കാരാണെന്നും.

വിധി നമ്മെ പ്രണയികളാക്കി.
ഒന്നാമങ്കത്തില്‍,
ഞാന്‍ നിന്നെ പ്രണയിച്ചു,
ആദ്യദര്‍ശനത്തില്‍ത്തന്നെ.
നീ നിന്റെ വേഷം ഗംഭീരമാക്കി.

രണ്ടാമങ്കത്തിലേക്കെത്തിയപ്പോള്‍
നീ വല്ലാതെ മാറി
നീയെന്നെ സ്നേഹിക്കുന്നുവെന്ന്‌
കള്ളം പറഞ്ഞു.
നിന്നെ എന്നെന്നേക്കുമായി
നഷ്ടപ്പെടുന്നതിനേക്കാള്‍
ഭേദം ഈ നുണകള്‍
കേള്‍ക്കുന്നതായിരുന്നു.

ഇപ്പോള്‍, ഈ ശൂന്യവേദിയില്‍
ഞാന്‍ നില്‍ക്കുകയാണ്‌,
ചുറ്റും ശൂന്യത മാത്രം...
ഇനിയും നീ തിരിച്ചുവരുന്നില്ലെങ്കില്‍
അവരോടു തിരശ്ശീല താഴ്ത്താന്‍
പറയുക...

നിന്റെ ഹൃദയം
വേദനാനിര്‍ഭരമാണോ?
ഞാന്‍
തിരിച്ചു വരട്ടയോ?
പറയൂ, പ്രിയേ
ഈ നിശ നിന്നെ തനിച്ചാക്കുന്നുവോ?

Wednesday, 21 February, 2007

ഒഴുക്ക്

ഒരിടത്തും തങ്ങാതെ
ജന്മപരമ്പരകളിലൂടെ
അലഞ്ഞു നടന്ന
ഒരു നാടോടിയുടെ
അശരണമായ
ആത്മാവാണ്‌
എന്നില്‍ കുടികൊള്ളുന്നത്‌.

ഞാന്‍ ഇടത്താവളമാക്കിയ
ഇടിഞ്ഞുപൊളിഞ്ഞ വീടുകള്‍,
കൂടെ ചുമന്ന ദുരിതങ്ങളുടെ
ഭാണ്ഡക്കെട്ടുകള്‍,
പല ഭൂഖണ്ഡങ്ങളുടെ
മണം പേറുന്ന വസ്ത്രങ്ങള്‍,
ചുളുങ്ങിയ ചില പാത്രങ്ങള്‍,
മനുഷ്യരെക്കുറിച്ചുള്ള
അനന്തമായ രഹസ്യങ്ങള്‍,
‍എത്ര നടന്നാലും തീരാദൂരമായി
ബാക്കികിടക്കുന്ന ജീവിതത്തെക്കുറിച്ചുള്ള ഭയം,
ഒക്കെ എന്നിലുണ്ട്...

അതുകൊണ്ടാവാം
ഇലകളില്‍ ഇറ്റുവീഴുന്ന
മഴത്തുള്ളി പോലെ
എവിടെയും തങ്ങിനില്‍ക്കാതെ
ഞാന്‍എങ്ങോട്ടോ
അശാന്തമായി
ഒഴുകിക്കൊണ്ടിരിക്കുന്നതും...

Saturday, 17 February, 2007

ജീവിതം!

ഒരു നാള്‍
ദുഖിതനായ ഒരു വൃദ്ധന്‍
ലുബ്ധിച്ചുണ്‌ടാക്കിയ പണം കൊണ്ട്‌
യുവതിയായ ഒരു വേശ്യയുടെ
ഏതാനും മണിക്കൂറുകള്‍
വിലയ്ക്കു വാങ്ങി...

അപരിചിതരുടെ
വിരല്‍പ്പാടുകള്‍
പതിഞ്ഞുകിടക്കുന്ന
അവളുടെ ശരീരം
അയാളുടെ കണ്ണീര്‍ വീണ്
നനഞ്ഞുകുതിര്‍ന്നു...

ഒരിക്കലും കൈമാറാതെ പോയ ഉമ്മകളും
പറയാതെ പോയ സ്നേഹവാക്കുകളും
മൃദുവാകാതെ പോയ നിമിഷങ്ങളും
ഉള്ളിലൊതുക്കിയ സങ്കടങ്ങളും
നെഞ്ചു പിളര്‍ക്കുന്ന അപമാനങ്ങളും
ഒന്നിച്ച്‌ പ്രവഹിക്കുകയാണ്‌...

മുന്നില്‍ ദൃശ്യമായ
അമ്പത് നീണ്ട വര്‍ഷങ്ങളുടെ
വ്യര്‍ത്ഥത കണ്ട്‌
വല്ലാതെ ഭയപ്പെട്ടുപോയ
അവള്‍
അയാളുടെ ദുരിതങ്ങളുടെ
ശിരോരേഖകളെ
വിരല്‍ത്തുമ്പുകള്‍ കൊണ്ട്‌
തലോടി മാറ്റാന്‍
വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു,
ഒപ്പം
ജീവിതം എന്ന വലിയ
കരച്ചിലിനെക്കുറിച്ച്
ചിന്തിക്കാതിരിക്കാനും...!

Thursday, 15 February, 2007

നിഴലുകള്‍

ഭൂമിയുടെ ആഴങ്ങളിലേക്ക്‌
വേരുകള്‍ പരതിനീളുന്നു...

ദേശാന്തരങ്ങളിലേക്ക്‌
കാറ്റിന്റെ തീരായാത്രകള്‍...

കൂട്ടിന്‌ ഒരീണവും
വാക്കിന്റെ തണലും തേടി
ഇലകളില്ലാത്ത മരച്ചോട്ടില്‍
നിഴലുകള്‍ വിങ്ങിക്കരയുന്നു...

മുഖങ്ങള്‍, പിന്നെയുംമുഖങ്ങള്‍,
പൊടി നിറഞ്ഞ തെരുവുകള്‍
ചിരി മറന്ന കണ്ണുകള്‍
ഒരിക്കലും തുറക്കാത്ത ജാലകങ്ങള്‍

എല്ലാത്തിനെയും പിന്നിട്ട്‌
വിളറിയ നിഴലുകള്‍
പിന്നെയും നീളുന്നു...

Monday, 12 February, 2007

ഒറ്റയ്ക്ക് ഒരു കടല്‍...

നിറനിലാവില്‍
ഒറ്റയ്ക്ക്
ഒരു പാവം കടല്‍...

ഈ ഭൂമിയിലെ
അനാഥമായിപ്പോയ സ്നേഹമെല്ലാം
ഘനീഭവിച്ച്‌ മഴയായിപ്പെയ്തു നിറഞ്ഞ
കടല്‍...

ഏകാകികളും ദുഖിതരും
പ്രണയികളും
ഇവിടെ അഭയം തേടുന്നു.

അലയടിക്കുന്ന തീരത്തെത്തി
ഭയന്ന്‌ തിരിച്ചുപോവുന്നവരുമുണ്ട്.
[നാം ഏറ്റവും കൂടുതല്‍
ഭയക്കുന്നതും സ്നേഹത്തെയാണല്ലൊ]

തന്റെയുള്ളിലെ വിഷാദോന്മാദങ്ങളുടെ
അഗ്നിപര്‍വതങ്ങളെ മറന്ന്‌
ഒരു നിമിഷം-
നിലാവ് നിറഞ്ഞുതുളുമ്പി
വല്ലാതെ നേര്‍ത്തുപോയി അതിന്റെ ഹൃദയം...

Sunday, 11 February, 2007

എന്നു മുതലാണ്‌...?

ഒറ്റയ്ക്കുള്ള നടത്തം,
നിനച്ചിരിയ്ക്കാത്ത നേരത്തുള്ള
കണ്ണു നിറയല്‍,
ഒരുപാടു വൈകിയുള്ള ഉറക്കം,
കാരണമില്ലാതെയുള്ള
ദേഷ്യം,
എന്നു മുതലാണ്‌
നീ ഇങ്ങനെയൊക്കെ
ആയിത്തീര്‍ന്നത്‌?

കണ്ണാടിയില്‍ കാണുന്ന
അപരിചിത
എന്താണ്‌ പറയാന്‍ ശ്രമിയ്ക്കുന്നത്‌?

എല്ലാവരുംസുഖദമായ
ഉറക്കത്തിലേക്കു വഴുതുമ്പോള്‍
നിന്നെത്തേടി വരുന്ന ആ നിലവിളി
ആരുടേതാണ്‌?

അസാധാരണമായ ഏതു തണുപ്പിന്റെ
മണമാണ്‌ മുറിയില്‍ പരക്കുന്നത്‌?

അശാന്തമായ എതു വാക്കുകളാണ്‌
നിന്റെ ചെവിയില്‍ മുഴങ്ങുന്നത്‌?

ഇലകള്‍ കൊഴിയുന്ന ഈ വഴിയില്‍
ആരുടെ കാലടിപ്പാടുകളാണ്‌
കാണുന്നത്‌?

സന്തോഷം...

നിരന്തരമായി വഴുതുന്നു
സന്തോഷത്തിന്റെ സൂചികകള്‍...
ഒരു മുഖത്തില്‍ നിന്നു മറ്റൊരു മുഖത്തിലേയ്ക്ക്‌,
ഒരു സമയത്തില്‍ നിന്നു മറ്റൊരു സമയത്തിലേക്ക്‌,
ഒരു വസ്തുവില്‍്‌ നിന്ന്‌ മറ്റൊന്നിലേക്ക്‌
നിലയ്ക്കാത്ത വഴുതല്‍!

വാക്കുകള്‍ക്കിടയില്‍
സമയമാത്രകള്‍ക്കിടയില്‍
ഭാവപ്പകര്‍ച്ചകള്‍ക്കിടയില്‍
മുഖങ്ങള്‍ക്കും ഉടലുകള്‍ക്കും ഇടയില്‍
നാം സന്തോഷത്തെ തിരഞ്ഞുകൊണ്ടിരിക്കുന്നു...

സ്നേഹത്തെ പരിഹസിക്കുന്നവര്‍,
ജീവിതത്തെ നിഷേധിച്ചുകൊണ്ട്‌
നടന്നുപോകുന്നവര്‍,
മുങ്ങിത്താഴുമ്പോള്‍
പരസ്പരം പിടിച്ചു തൂങ്ങുന്നവര്‍,
അനര്‍ഹമായ സ്നേഹം
തീക്കട്ട പോലെ കൈവെള്ളയിലേറ്റുന്നവര്‍,
ഏകാന്തതയും ദുഖവും
പാരമ്പര്യമായി പകുത്തുകിട്ടിയവര്‍,
ഒരു ചെറുതുള്ളിയാല്‍
നിറഞ്ഞു തുളുമ്പുന്നവര്‍,
പ്രളയജലനടുവിലും
ദാഹിച്ചുവലയുന്നവര്‍...

ഇവര്‍ക്കിടയിലൂടെ
സന്തോഷം
ആര്‍ക്കും പിടി കൊടുക്കാതെ
തന്റെ യാത്ര തുടരുന്നു,
ഒറ്റയ്ക്ക്‌...

Friday, 9 February, 2007

ഏകാന്തത

ഏകാന്തത
ഒരു മരമാണ്‌,
മരുഭൂമിയില്‍ വേരുകള്‍ പടര്‍ത്തി
കത്തുന്ന ശൂന്യാകാശത്തിലേയ്ക്കുവളരുന്ന
ഇലകളില്ലാത്ത ഒരു മരം...

തീയാളുന്ന തലയും
കനല്‍ക്കണ്ണുകളുമായി
അത്‌
എന്റെയുള്ളില്‍
അനുദിനം വളരുന്നു...

വെറുതെ...

ഈ ഭൂമിയില്‍ ഒരുപാട്‌
അയയ്ക്കാത്ത കത്തുകള്‍
എഴുതാത്ത വരികള്‍
പറയാത്ത വാക്കുകള്‍
ജീവിക്കുന്നു...

കാട്ടില്‍ ആരും കാണാതെ
വിടര്‍ന്നു നില്‍ക്കുന്ന
പൂക്കള്‍ പോലെ...

എന്നാലും
അവ നിലനില്‍ക്കുന്നുന്ട്
വെറുതെ...

പഴയ ഒരു കവിത!

രാവറുതിയില്‍, എന്റെ ജാലകത്തില്‍
ഭ്രാന്തമൊരു തെന്നല്‍
വിരുന്നുവന്നു...

കുഞ്ഞുപൂക്കളെ ഉലച്ച്‌
ഒരു പാട്ടിനീണത്തിലേറി
ഈറന്‍നിലാവു
പുതച്ചുവന്നു...

താരകളെ നോക്കി
കണ്ണിറുക്കിക്കാട്ടി
കുഞ്ഞുവിളക്ക്
തിരി താഴ്ത്തിനിന്നു...

ശ്രുതി താഴ്ന്നൊരു വേണുഗാനം
എവിടെ നിന്നോമെല്ലെ
ഒഴുകിവന്നു...

പാതിരാമലര്‍ പോലെ
ഞാനുമാ തെന്നലിന്‍
ഭ്രാന്തസ്നേഹതിന്റെ
നോവറിഞ്ഞു...

പിന്നെ, ഒരു മ്രുദുവാക്കിന്റെ
തണലിന്‍ ചോട്ടില്‍
എന്നുമെന്നും തല ചായ്ച്ചുറങ്ങി...

Sunday, 4 February, 2007

ഓര്‍മ്മകളുടെ തടവുകാര്‍...

ഏതോ സ്നേഹവിശ്വാസങ്ങളുടെ ഞാത്തില്‍
തൂങ്ങിക്കിടക്കുന്ന
നമ്മുടെ പാവം മനുഷ്യജന്മങ്ങള്‍...

ജീവിക്കാനുള്ള കാരണങ്ങള്‍
ആഹ്ളാദത്തിന്റെ കുഞ്ഞുപട്ടങ്ങള്‍
നിറം മങ്ങാത്ത ചില നിമിഷത്തുണ്ടുകള്‍
ഒക്കെ നാം ഇതില്‍ കൊരുത്തിടുന്നു...

വേഷങ്ങളുടെ ഇടവേളകളില്‍
ഏറ്റവും അഗാധമായി ഒറ്റയ്ക്കാവുമ്പോള്‍
നാം ഈ പഴയ ആല്‍ബത്തിലെ
വര്‍ണചിത്രങ്ങളിലേയ്ക്കു മടങ്ങുന്നു...

പലതും കാലത്തിന്റെ രാസവിദ്യയാല്‍
നിറം മങ്ങിയിട്ടുണ്ടാകും,
പലതും പൊടിഞ്ഞുപോയിട്ടുണ്ടാകും,
പലതും ഇല്ലാതെയായിട്ടുണ്ടാകും...

എന്നാലും ഓര്‍മ്മകളുടെ തടവുകാരായ നാം
മറ്റെങ്ങോട്ടുപോകാന്‍?