Saturday 17 February 2007

ജീവിതം!

ഒരു നാള്‍
ദുഖിതനായ ഒരു വൃദ്ധന്‍
ലുബ്ധിച്ചുണ്‌ടാക്കിയ പണം കൊണ്ട്‌
യുവതിയായ ഒരു വേശ്യയുടെ
ഏതാനും മണിക്കൂറുകള്‍
വിലയ്ക്കു വാങ്ങി...

അപരിചിതരുടെ
വിരല്‍പ്പാടുകള്‍
പതിഞ്ഞുകിടക്കുന്ന
അവളുടെ ശരീരം
അയാളുടെ കണ്ണീര്‍ വീണ്
നനഞ്ഞുകുതിര്‍ന്നു...

ഒരിക്കലും കൈമാറാതെ പോയ ഉമ്മകളും
പറയാതെ പോയ സ്നേഹവാക്കുകളും
മൃദുവാകാതെ പോയ നിമിഷങ്ങളും
ഉള്ളിലൊതുക്കിയ സങ്കടങ്ങളും
നെഞ്ചു പിളര്‍ക്കുന്ന അപമാനങ്ങളും
ഒന്നിച്ച്‌ പ്രവഹിക്കുകയാണ്‌...

മുന്നില്‍ ദൃശ്യമായ
അമ്പത് നീണ്ട വര്‍ഷങ്ങളുടെ
വ്യര്‍ത്ഥത കണ്ട്‌
വല്ലാതെ ഭയപ്പെട്ടുപോയ
അവള്‍
അയാളുടെ ദുരിതങ്ങളുടെ
ശിരോരേഖകളെ
വിരല്‍ത്തുമ്പുകള്‍ കൊണ്ട്‌
തലോടി മാറ്റാന്‍
വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു,
ഒപ്പം
ജീവിതം എന്ന വലിയ
കരച്ചിലിനെക്കുറിച്ച്
ചിന്തിക്കാതിരിക്കാനും...!

19 comments:

എം.കെ.നംബിയാര്‍ said...

പുതുമനിറഞ്ഞ വരികളും,ആശയങ്ങളും.നന്നായിട്ടുണ്ട്.
ആശംസകള്‍
എംകെനംബിയാര്‍

എം.കെ.നംബിയാര്‍ said...

വളരെ പുതുമനിറഞ്ഞ വരികള്‍ ആശയങ്ങള്‍
all the best
mknambiear

paarppidam said...

നന്നായിരിക്കുന്നു.

Suneetha T V said...

എം കെ നമ്പ്യാര്‍,എസ് കുമാര്‍
വളരെയധികം നന്ദി!

ABCclt said...

അന്തര്ജ്ജനം പ്രശംസ മാത്രമേ സ്വീകരിക്കുള്ളോ?
അടിയന് ഒരു ശങ്ക. ശങ്ക മാറിയിട്ടു വരാം.

vishak sankar said...

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട രണ്ടു ജീവിതങ്ങള്‍ പര‍സ്പരം സാന്ത്വനിപ്പിക്കുന്ന ചിത്രം ഞാനും ആസ്വദിച്ചു.
‘വിരല്‍പ്പാടുകള്‍ പതിഞ്ഞുകിടക്കുന്ന
അവളുടെ ശരീരം’ ക്ലീഷെ ആയ്ക്കഴിഞ്ഞ ഒരു പ്രയോഗമാണ്.അതുകൊണ്ടു തന്നെ അതുപയോഗിച്ചുകൊണ്ടുള്ള വിനിമയത്തിന് മൂര്‍ച്ച കുറയും.അതൊഴിച്ചുനീത്തിയാല്‍ “ജീവിതം” നല്ലൊരു വായനാനുഭവമായിരുന്നു.

Suneetha T V said...

എ ബി സി കോഴിക്കോടാ,
ആദ്യം ശങ്ക മാറ്റിവരൂ...
ഇല്ലെങ്കില്‍ ബുദ്ധിമുട്ടാവുമേ...
പിന്നെ, എന്തും സ്വീകരിക്കും ട്ടോ...!
വല്ലതും പ്രത്യേകിച്ചു തരാന്‍ ഉദ്ദേശമുണ്ടോ?

Suneetha T V said...

വിശാഖ് ശങ്കര്‍,
ക്ലീഷേകള്‍ കടന്നുവരുന്നത്‌ വായനയുടെ കുറവുകൊണ്ടാണ്‌.
ഇനി ശ്രദ്ധിക്കാം
അനുരണനങ്ങള്‍ കണ്ടു,
ഇഷ്ടപ്പെട്ടു,[അടിക്കുറിപ്പുകള്‍ പ്രത്യേകിച്ചും]
നന്ദി

വിഷ്ണു പ്രസാദ് said...

എന്ത് മനോഹരമായ ഒരു ഇതിവൃത്തം,ലളിതമായ ഭാഷ.ജീവിതം ഒരു വലിയ കരച്ചില്‍ തന്നെ....
നല്ല കവിത.

parajithan said...

വിശാഖിന്റെ കമന്റ്‌ കണ്ട്‌ വന്നതാ.
നല്ല സബ്ജക്റ്റ്‌. ഇതിലും നന്നായി എഴുതാമായിരുന്നുവെന്നും തോന്നി. വിമര്‍ശനമൊന്നുമല്ല കേട്ടോ. :)

(ജാപ്പനീസ്‌ എഴുത്തുകാരനായ കവാബത്തയുടെ ഒരു നോവല്‍, വിലാസിനി "സഹശയനം" എന്ന പേരില്‍ പരിഭാഷപ്പെടുത്തിയത്‌ വായിച്ചിട്ടുണ്ട്‌, പണ്ട്‌. കവിതയുടെ തുടക്കം കണ്ടപ്പോള്‍ അത്‌ ഓര്‍മ്മ വന്നു.)

ആശംസകള്‍.

വേണു venu said...

ജീവിതം എന്ന വലിയ കരച്ചില്‍.
ആശയം ആവിഷ്ക്കരിച്ച രീതിയും ആ കരച്ചിലിന്‍റെ ഒച്ചയും എന്നെ ഇഷ്ടപ്പെട്ടു എന്നു് പറയിപ്പിക്കുന്നു.

കണ്ണൂസ്‌ said...

ടീച്ചര്‍മാരുടെ എണ്ണം കൂടുന്നു ബൂലോഗത്ത്‌. ഇത്‌ കവിതകളുടെ വസന്ത കാലവും.

നന്നായിരിക്കുന്നു ടീച്ചറേ. വിശാഖും ഹരിയും പറഞ്ഞതു പോലെ ഒന്നു കൂടി മൂര്‍ച്ച കൂട്ടാമായിരുന്നു എന്നൊരു അഭിപ്രായമുണ്ടെന്ന് മാത്രം.

ഇത്തിരിവെട്ടം© said...

ജീവിതം വെറും കരച്ചില്‍ മാത്രമാണോ... ആണെങ്കില്‍ ആ അടക്കിപിച്ച തേങ്ങലുകള്‍ക്കിടയിലും ഒരു സന്തോഷത്തിന്റെ കണികയില്ലേ...

നല്ല വരികള്‍...

പിന്നെ സ്വാഗതം.

Achinthya said...

അയ്യയ്യോ ഇതാരാ! ഈ കക്ഷീനെ എനിക്കറിയ്യൂല്ലോ ന്നെ ഓര്‍മ്മണ്ടോ ആവോ ! കുളു തരാം-1) ഗാര്‍ഗി 2) തൃശ്ശൂര്‍ 3)ചേതന 4) ഈ കാണണ പേരല്ല ന്റ്റെ ശരിക്കുള്ള പേര് .അതൊരു കുഞ്ഞു പേരാ.
5) ഞാനുമൊരു വാദ്ധ്യാരിണി. കണ്ടുപിടി.

പടം പിടിത്തം നിര്‍ത്യോ? സമാന്തരങ്ങള്‍?

എന്തായാലും ഇവടെ ഇങ്ങനെ കണ്ടേല്‍ സന്തോഷം
സ്നേഹം
41 നീളം കുറഞ്ഞ വര്‍ഷങ്ങളുടെ വ്യര്‍ത്ഥതയില്ല്യായ്മയുമായി
ഒരു പഴേ സുഹൃത്ത്

സങ്കുചിത മനസ്കന്‍ said...

ആദ്യത്തെ ആറു വരികള്‍ നടത്തിയ ഇടിമുഴക്കം,
ബാക്കിയുള്ള വരികള്‍ നശിപ്പിക്കുന്നു.

-സങ്കുചിതന്‍

Inji Pennu said...

പാവം സുനീത ചേച്ചി,
ഇവിടേം സമാധാനം കിട്ടൂല്ലാന്ന് വെച്ചാല്‍ പഴയ കൂട്ടുകാരികളില്‍ നിന്ന്. :-)

ഇങ്ങിനെ ഫോട്ടോ ഒക്കെ ഇട്ടോണ്ടല്ലെ എന്റെ സുനിത ചേച്ചിയെ :)

അചിന്ത്യാമ്മെ, ഉമ്മ, താത്ത, ഇത്ത :)

G.manu said...

Great work teacher.....waiting for next

വിശാല മനസ്കന്‍ said...

ഗംഭീരായിട്ടുണ്ട്!

Suneetha T V said...

വിശാല്‍ജീ,ആ വിശാലമനസ്സിനു നമോവാകം!
നന്ദി
മനൂ,സങ്കുചിതമനസ്കാ,ഇത്തിരിവെട്ടം, കണ്ണൂസ്‌,വേണൂ,
പ്രജിതന്‍,വിഷുപ്രസാദ്,വിശാഖ്...
വന്നു നോക്കിയതിനും കമന്റ്‌ അയച്ചതിനും നന്ദി
അചിന്ത്യയെപ്പറ്റി ചിന്തിച്ചപ്പോള്‍ പിടികിട്ടി
ഇലയിലും മുള്ളിലും കൂടെ കടന്നുപോന്നു, ഇല്ലേ?
പടംപിടുത്തം തത്കാലത്തേക്കു നിര്‍ത്തി.
എന്റെ ഇഞ്ഞിപ്പെണ്‍കൊടീ,
സൂചന ബഹുകേമമായി.
പഴയ{!} കൂട്ടുകാരികളുടെ വക സ്വൈരക്കേടിനെപ്പറ്റിയാണെങ്കില്‍
അതു പണ്ടു കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞതുപോലെയാ