Sunday 11 February, 2007

സന്തോഷം...

നിരന്തരമായി വഴുതുന്നു
സന്തോഷത്തിന്റെ സൂചികകള്‍...
ഒരു മുഖത്തില്‍ നിന്നു മറ്റൊരു മുഖത്തിലേയ്ക്ക്‌,
ഒരു സമയത്തില്‍ നിന്നു മറ്റൊരു സമയത്തിലേക്ക്‌,
ഒരു വസ്തുവില്‍്‌ നിന്ന്‌ മറ്റൊന്നിലേക്ക്‌
നിലയ്ക്കാത്ത വഴുതല്‍!

വാക്കുകള്‍ക്കിടയില്‍
സമയമാത്രകള്‍ക്കിടയില്‍
ഭാവപ്പകര്‍ച്ചകള്‍ക്കിടയില്‍
മുഖങ്ങള്‍ക്കും ഉടലുകള്‍ക്കും ഇടയില്‍
നാം സന്തോഷത്തെ തിരഞ്ഞുകൊണ്ടിരിക്കുന്നു...

സ്നേഹത്തെ പരിഹസിക്കുന്നവര്‍,
ജീവിതത്തെ നിഷേധിച്ചുകൊണ്ട്‌
നടന്നുപോകുന്നവര്‍,
മുങ്ങിത്താഴുമ്പോള്‍
പരസ്പരം പിടിച്ചു തൂങ്ങുന്നവര്‍,
അനര്‍ഹമായ സ്നേഹം
തീക്കട്ട പോലെ കൈവെള്ളയിലേറ്റുന്നവര്‍,
ഏകാന്തതയും ദുഖവും
പാരമ്പര്യമായി പകുത്തുകിട്ടിയവര്‍,
ഒരു ചെറുതുള്ളിയാല്‍
നിറഞ്ഞു തുളുമ്പുന്നവര്‍,
പ്രളയജലനടുവിലും
ദാഹിച്ചുവലയുന്നവര്‍...

ഇവര്‍ക്കിടയിലൂടെ
സന്തോഷം
ആര്‍ക്കും പിടി കൊടുക്കാതെ
തന്റെ യാത്ര തുടരുന്നു,
ഒറ്റയ്ക്ക്‌...

3 comments:

paarppidam said...

നന്നായിരിക്കുന്നു.ഭാഷയിലെ വ്യത്യസ്തത പ്രകടം. കൂടുതല്‍ കവിതകള്‍ പ്രതീക്ഷിക്കുന്നു. മാധ്യമരംഗത്തുനിന്നും ബ്ലോഗ്ഗിലെത്തുന്ന രണ്ടാമത്തെ സ്ത്രീ സാന്നിധ്യമാണ്‌ താങ്കള്‍ എന്ന് തോന്നുന്നു! ശ്രദ്ധേയമായ പോസ്റ്റുകള്‍ നല്‍കുമല്ലോ?

സുനീത.ടി.വി. said...

നന്ദി, എസ് കുമാര്‍
ശ്രമിക്കാംഎന്നല്ലേ പറയാന്‍ പറ്റൂ?
പിന്നെ, ആരാണ്‌ മറ്റേയാള്‍?

asdfasdf asfdasdf said...

അനര്‍ഹമായ സ്നേഹം
തീക്കട്ട പോലെ കൈവെള്ളയിലേറ്റുന്നവര്‍,
ഏകാന്തതയും ദുഖവും
പാരമ്പര്യമായി പകുത്തുകിട്ടിയവര്‍
nalla varikal