Saturday, 9 January 2016

സംഗീതം ബാധിച്ച ഒരു രാത്രി ...

സംഗീതസായാഹ്നം കഴിഞ്ഞ തെരുവ് ...
പാട്ടിൽ മയങ്ങിക്കിടക്കുന്ന
മണ്‍ തരികളുടെ ഉന്മാദലഹരിയിലൂടെ
താളാത്മകസൗമ്യമായ് ചിറകടിക്കുന്ന
ഹൃദയങ്ങളുടെ പുഴ പുറത്തേക്കൊഴുകി.
അഗാധമായ ഇരുട്ടിലേക്ക്
സൈക്കിളുന്തിക്കൊണ്ട് ഒരാൾ.
ആത്മാവിൽ മുഖം പൂഴ്ത്തിക്കൊണ്ട് മറ്റൊരാൾ .
മിഴികളെ പെയ്യിച്ചുകൊണ്ട് ഒരു വൃദ്ധൻ .
ആളിക്കത്തിയ പ്രണയത്താൽ വിവശയായി
കൂട്ടുകാരന്റെ തോളിൽച്ചാരി ഒരുവൾ .
ഏറ്റവും പിന്നിലായ്
തെരുവും നിലാരാത്രിയും ഞാനും .
ഇവരുടെ ആനന്ദവും പ്രണയവും
വിരഹവും ദുഖങ്ങളും
തുറന്നുവിട്ട
ഏകാകിയായ പാട്ടുകാരാ,
നീ തല ചായ്ക്കുന്ന
ആ ആകാശമെവിടെയാണ് ?

Monday, 27 July 2015

നേർത്തുനേർത്തങ്ങനെ...



വയലറ്റുപൂവുകൾ ഇലകളെ തൊട്ടപ്പോൾ
ബാർലിവയലുകളിലെ കാറ്റുചിരിച്ചു .....
അണ്ണാരക്കണ്ണന്റെ ഇളവെയിൽ
മണ്ണടരുകളെ ഓമനിച്ചു .
ഭൂമിയുടെ തവിട്ടുഹൃദയത്തിലേക്ക്
പുൽച്ചാടികൾ ഊളിയിട്ടു.
തുമ്പിച്ചിറകിലെ നേർമ്മ
പൂക്കൾക്ക് സ്വന്തം ...

Sunday, 12 July 2015

ഉപേക്ഷിക്കപ്പെട്ട പുസ്തകം ...
 
പണ്ടെന്നോ വായിച്ചുമറന്ന ,
എവിടെയോ ഉപേക്ഷിക്കപ്പെട്ട
ഒരു പുസ്തകം ...
അതിൽ ചിരിയും , കരച്ചിലും
നിലാവും , മഴയും
ജീവിതവും
ഒക്കെക്കണ്ട്
ചിരി വരുന്നുണ്ട് .
പൊയ്പ്പോവുമെന്നുറപ്പുണ്ട് ;
എന്നാലും അതിനു മുമ്പ്
അതൊന്ന്
തുറന്നുനോക്കട്ടെ..

Tuesday, 5 August 2014

കാലം..


മഴ നനഞ്ഞുനില്‍ക്കുന്ന ഇലകളെപ്പറ്റിയും
സൂര്യ്‌വസ്ത്രമണിഞ്ഞ പൂക്കളെപ്പറ്റിയും
നിലാവുപുതച്ച രാത്രികളെപ്പറ്റിയും
പാടണമെന്നുണ്ട്.

പ്രണയത്തിന്റെ അനശ്വരതയെപ്പറ്റി
 നല്ല കവികളെപ്പോലെ എഴുതി
നിങ്ങളെ കോരിത്തരിപ്പിക്കണമെന്ന്
ഇപ്പോഴും ആഗ്രഹമുണ്ട്.

നന്മയുടെ വിജയം ആവിഷ്കരിച്ച്
ധര്‍മ്മോദ്ബോധനം നടത്തി
നാടുനന്നാക്കണമെന്നുമുണ്ട്.

പക്ഷേ
നുണ പറയല്ലേ, ഇനിയെങ്കിലുമെന്ന്
ശൂന്യതയുടെ കുപ്പായമിട്ട കാലം
 എന്നെ തടയുന്നു.

എഴുതേണ്ടത്  ഞങ്ങളെക്കുറിച്ചെന്ന്
മുറിവുകള്‍  ആവര്‍ത്തിക്കുന്നു.


ഞാനെന്തുചെയ്യട്ടെ?


Wednesday, 23 July 2014

അങ്ങനെ ഒരു ഇല്ലാക്കാലത്ത്...

എത്ര വട്ടം,
എത്ര വട്ടം പറഞ്ഞതാണ്,
നിലച്ചുപോയ വാച്ചിനെപ്പറ്റി.
അന്ന് നിലച്ചതാണത്,
നിന്നെ അവസാനമായി കണ്ട അന്ന്.
മഴ നിന്നോടൊപ്പം കുന്നിറങ്ങിയപ്പോള്‍
 ഒന്നിച്ചിറങ്ങി
അസ്തമയത്തില്‍, പെയ്യാമഴത്തണുപ്പില്‍,
കണ്ണീരില്‍,പടരുന്ന ഇരുട്ടില്‍
നിന്നോടൊപ്പം അലിഞ്ഞുപോയി,
സമയവും...

Tuesday, 12 November 2013

അജ്ഞാതം


അജ്ഞാതമായ എന്തിനെയോ
ഓര്‍മ്മിപ്പിക്കുന്നു നീ,
അപകടം പിടിച്ച എന്തോ ഒന്ന്.
അലറുന്ന കാറ്റിലുണ്ടത്.
അഗ്നിയുടെ ആളലിലും
മഞ്ഞിന്റെ മരവിപ്പിലും
ഇരുട്ടിന്റെ ആഴക്കയങ്ങളിലും
സമുദ്രത്തിന്റെ ഏകാന്തനീലിമയിലും
അതുണ്ട്.
അങ്ങോട്ടുള്ള കുഴപ്പം പിടിച്ച വഴിയില്‍
പെയ്യുന്ന കണ്ണീര്‍മഴ നനയാന്‍
പേടിയാണെനിക്ക്,
സങ്കോചവും...

Sunday, 27 October 2013

നഷ്ടപ്പെട്ടുപോയ ഭൂപടം

എണ്ണിയെണ്ണിക്കയറുന്നുണ്ടായിരുന്നു

ശൂന്യതയുടെ ചവിട്ടുപടികള്‍
ഒരു കാലടയാളം പോലുമില്ലാതെ,
അതിവേഗം, അനായാസം....
 



പൊടുന്നനെയാണ്
എവിടെനിന്നോ വന്നെത്തിയത്,
കാലങ്ങളായി നഷ്ടപ്പെട്ടുപോയ ആ ഭൂപടം.
ഒരു മഴത്താളില്‍,ഓര്‍മ്മകളാല്‍ വരയ്ക്കപ്പെട്ട്...

പക്ഷേ അത്
വെയിലെത്താന്‍ നില്‍ക്കാതെ
മാഞ്ഞുപോയല്ലൊ...

Sunday, 7 July 2013

മഴയുടെ രഹസ്യങ്ങള്‍

മഴ ഇരുണ്ട തണുപ്പിനുള്ളില്‍ പതുങ്ങിയിരിക്കുന്നു ,
സ്നേഹം പോലെ അരുമയായി...,

Monday, 27 May 2013

മഴയുടെ കൈപ്പുസ്തകം




മഴയും നീയുമൊന്നിച്ച്
പടികയറിവന്ന ആ സായാഹ്നം...
മഴയുടെ നനഞ്ഞ ശബ്ദവും
നിന്റെ മൃദുവായ ശബ്ദവും
ഇടകലര്‍ന്ന്‍,
നിന്റെ ചൂടും
മഴത്തണുപ്പും
ഇഴകലര്‍ന്ന്‍
പെയ്യുന്ന
ഇടനാഴിയിലൂടെ
ഒരു വിങ്ങിക്കരച്ചില്‍
മഴയുടെ ആകാശത്ത്
പതുങ്ങിയൊളിച്ചു...

Monday, 9 January 2012

ചങ്ങാത്തം














ഏതോ ഒരു രാജ്യത്ത്
ദൂരെ എവിടെയോ
നരച്ച ഒരു ഫ്ലാറ്റിനുള്ളിൽ
ഏകാകിയായ സ്ത്രീ
വക്കുപൊട്ടിയ കുപ്പിയിൽ താമസിക്കുന്ന
ഒരു ചെടിയുമായി
എത്ര നേരമായി
ഇങ്ങനെ
നിലവിളിക്കുന്ന ചങ്ങാത്തം കൂടുന്നു...
തന്റെ ഇലകളാൽ തലോടി,
പച്ചയുടെ വെളിച്ചത്തിൽ നനച്ചുപുതപ്പിച്ച്,
ആ വിളറിയ ആത്മാവിനെ
കെട്ടുപോകാതെ കാത്തു,
അവസാനത്തെ ജീവനെയും
പൊതിഞ്ഞുസൂക്ഷിക്കുന്ന
പ്രകൃതിയുടെ ആ കാവൽക്കാരൻ...

Saturday, 3 December 2011

വിവർത്തനത്തിൽ നഷ്ടമാവുന്നത്...

"നീ എന്നെ ഇങ്ങനെ
വിവർത്തനം ചെയ്യുന്നതെന്തിന്?"
രാത്രി സൂര്യനോടു ചോദിച്ചു.
"നിന്നിൽ നഷ്ടപ്പെട്ട
എന്നെ വീണ്ടെടുക്കാൻ മറ്റു വഴിയില്ലല്ലോ..."
ശ്യാമസൂര്യൻ ചിന്തയിലാണ്ടു...
"എന്റെ മഞ്ഞുകണങ്ങളെ
നീ മണൽത്തുള്ളികളാക്കുന്നു.
എന്റെ നിശ്ശബ്ദത
നിന്നിൽ കരിയുന്നു
ഒടുവിൽ ഞാൻ
മാഞ്ഞ് ഇല്ലാതാവുന്നു.
നീ മായ്ച്ചുകളഞ്ഞ
വിളറിയ ഒരോർമ്മപ്പാടായി
ഞാൻ വിവർത്തിതമാവുന്നു..."
രാത്രി വിതുമ്പി.
"വിവർത്തനത്തിൽ
നഷ്ടമാവുന്നത്
ഞാൻ തന്നെയാണ്.."

Saturday, 23 July 2011

മാമ്പൂക്കൾ സാക്ഷി

വെറുംകയ്യോടെ യാത്രയാക്കിയല്ലൊ
കുന്നിൻ ചരിവിറങ്ങുന്ന മഴയോടൊപ്പം
ഒരു ഉത്സവക്കാലത്തെ...

വാക്കുകളിൽ തല ചായ്ച്ച്
മഴ പതുക്കെ നനഞ്ഞ്
വിരൽത്തുമ്പുകളിൽ കാറ്റുപെരുക്കി
കുഞ്ഞുമ്മകൾക്ക് കാതോർത്ത്
മൃദുവെയിൽ തലോടിയ
ഒരു ഭ്രാന്തൻ കാലം
കയ്യെത്തുംദൂരത്തിൽ
പോയ്മറഞ്ഞുകൊണ്ടേയിരിക്കുന്നു.

എന്നാണാവോ ഇനി
വെയിലേറ്റുകരുവാളിച്ച പൂച്ച
മഴവെള്ളം കുടഞ്ഞുകളഞ്ഞ്
പച്ചിലകൾക്കിടയിലേക്ക്
ഓടിമറയുന്ന സ്വപ്നം
എന്നെ വിട്ടൊഴിയുക?

Friday, 11 March 2011

:)

നിങ്ങൾ എന്റെയൊപ്പം
ഇത്തിരി ജീവിതം കൂടാൻ വരുന്നുവോ?

പാലിന്റെയും പച്ചക്കറികളുടെയും
മണമാർന്ന അടുക്കളപ്രഭാതങ്ങൾക്ക്
ഭംഗി പോരെന്ന് പറയരുത്

ശൂന്യത പുരണ്ട ഉച്ചകൾ
കാവ്യാത്മകമല്ലെന്ന് പരിഭവിക്കരുത്

വാഷിങ്പൌഡറിൽ കുതിർന്ന സായാഹ്നങ്ങൾ
അസഹ്യങ്ങളെന്ന് മുഖം ചുളിക്കരുത്

‘വീടും സീരിയലും പാത്രങ്ങളും സാരികളും നുണകളും
സമം നീ ‘എന്നു സമവാക്യമുണ്ടാക്കി
എന്റെ ഉള്ളംകയ്യിൽ കോറിയിട്ട് രസിക്കരുത്

‘എന്നാലും നിന്നെ എനിക്കിഷ്ടമാണു പെണ്ണേ‘
എന്ന് ചെവിയിൽ ചുണ്ടുചേർത്ത് കള്ളം പറയരുത്

മനോഹരമായി പറയപ്പെടുന്ന
നുണകളാണ് ജീവിതം എന്നറിയാഞ്ഞിട്ടല്ല

എന്നെങ്കിലും നമുക്കിടയിലുള്ള
ഈ കടൽ കടക്കാനാവുമോ
എന്ന പരിണാമഗുപ്തിയിലുള്ള
ആകാംക്ഷ കൊണ്ടാണ്...
:)

Saturday, 19 February 2011

ഒന്നാം പാഠം

കറുപ്പും വെളുപ്പുമാർന്ന കളങ്ങളിൽ
കരുക്കൾ നീക്കി,
ക്രൂരമായി ചതുരംഗം കളിക്കുന്നതിനിടെ
കാലം ഒരു കടങ്കഥ ചോദിച്ചു:
“എല്ലാരും തോറ്റുപോകുന്ന
കളികൾ ഏത്?”
“പ്രണയവും യുദ്ധവും” എന്ന്
പാവം ജീവിതങ്ങൾ കൊണ്ട്
മനുഷ്യർ ഉത്തരം നൽകി.
എല്ലാ വേദികളും ശൂന്യമാവുമെന്നും,
എല്ലാ കയറ്റങ്ങളും ഇറക്കങ്ങളെ
ഉൾക്കൊള്ളുന്നെന്നും,
കടലിനുള്ളിൽ മരുഭൂമി
നിലവിളിക്കുന്നുണ്ടെന്നും
പുസ്തകത്തിൽ ഉൾപ്പെടുത്താൻ
വിട്ടുപോയ ഒന്നാം പാഠം...

Tuesday, 1 February 2011

എന്റെ (ബിവറേജസ്)കോർപറേറ്റ് സ്വപ്നങ്ങൾ

ബിവറേജസ് കോർപറേഷന്റെ
നീണ്ട ക്യൂവിൽ അനന്തമായി
കാത്തുനിന്നാണ് ഞാൻ
ക്ഷമയുടെ ആദ്യപാഠങ്ങൾ
പഠിച്ചത്...

അവിടത്തെ ചില്ലലമാരയിലെ
പലനിറക്കുപ്പികളിൽ നിന്നാണ്
എന്റെ ബ്ലാക്ക് & വൈറ്റ് സ്വപ്നങ്ങൾ
മൾട്ടികളർ ആയത്...

ഒരു പൈന്റ് റമ്മിന്റെക്ഷീണം
തീർക്കാൻ കെട്ട്യോളെ തല്ലിയും
പാത്രങ്ങൾ എറിഞ്ഞുടച്ചും
ആണത്തം തെളിയിക്കാറായതും
ബിവറേജസ് അളിയന്റെ
സഹായം കൊണ്ടുതന്നെ...

ബിവറേജസ് തമ്പുരാനേ
ശിഷ്ട(കഷ്ട)ജീവിതകാലത്ത്
എനിക്ക് നീ താൻ തുണ...

Sunday, 19 December 2010

ചായക്കപ്പുകളുടെ സഞ്ചാരം

ശാലിനി എന്നാണു പേരെങ്കിലും
ശാലീനത ഒട്ടുമില്ലെന്ന്
മുറുമുറുത്താണ്
ആദ്യം കാ‍ണാൻ വന്നവൻ
ഇറങ്ങിപ്പോയത്.
ശാലീനതയ്ക്കുള്ള
ലേപനങ്ങൾ അന്വേഷിച്ച്
കടന്നുപോയി കാലം...

കരിവണ്ടുപോലത്തെ
തലമുടിയുടെ ഭംഗിയെ
കാവ്യാത്മകമായി വാഴ്ത്തി
രണ്ടാമൻ പടിയിറങ്ങിയപ്പോൾ
വാശിയ്ക്ക് ഞാൻ മുടി
കാപ്പിരികളെപ്പോലെ ചുരുട്ടി...

സീമയുടേതുപോലുള്ള
ചുണ്ടുകളേ ഉമ്മവെയ്ക്കാൻ കൊള്ളൂ
എന്ന് കണ്ണിറുക്കി
ശബ്ദം താഴ്ത്തി
മറ്റൊരുത്തൻ.
കല്ലുകെട്ടിത്തൂക്കീട്ടും
മലരാൻ മടിച്ചു
എന്റെ പാവം ചുണ്ടുകൾ...

പഞ്ചജീരകഗുഡത്തിന്റെ
മാങ്ങാപ്പരസ്യവും
എന്റെ മെലിഞ്ഞ ശരീരവും
‘കൌണ്ടർകട്ട്“ ചെയ്ത്
കണ്ണിൽ പുച്ഛം വിരിയിച്ചു,
അടുത്തതായി വന്ന
മധ്യവയസ്കൻ.
അയാളുടെ മുന്നിലേക്ക്
മുസ്ലിപവർ എക്സ്ട്രായുടെ
പരസ്യത്താൾ നീക്കിയിട്ട്
ഞാനും ഒന്നു ചിരിച്ചു.
(എനിയ്ക്കും ചിരിക്കണ്ടേ?)

പ്രായം കൂടിപ്പോയെന്നും
മുടി ചുരുണ്ടുപോയെന്നും
തനി നാടൻ മട്ടെന്നും
പറഞ്ഞാണ്
പിന്നീട് ചായക്കപ്പുകൾ
ഒഴിഞ്ഞുകൊണ്ടിരുന്നത്.
ചായക്കപ്പുകളുടെ
സഞ്ചാരം നിലച്ചപ്പോളേക്കും
എനിക്ക് എന്നെ കാണാനില്ലാതായിരുന്നു

Sunday, 29 August 2010

പ്രവാസം

ആദിയും അന്തവുമില്ല്ലാത്ത
തീക്കടൽ
സി.വി
കാണിച്ചുതന്നപ്പോൾ
എല്ലായിടത്തും
സൂര്യൻ നിറഞ്ഞുകത്തുന്ന
മണൽക്കാട്
ഓർമ്മ വന്നു.

പ്രവാസജീവിതം
ഒരു ഭ്രമകല്പനയാണെന്ന്
കടൽ...
കറുത്തുപോയ
നിലാവെന്ന്
ആകാശം...
നിലവിളിക്കുന്ന
കരിഞ്ഞ വസന്തമെന്ന്
മരുഭൂമി...
പ്രാണവായു കിട്ടാതുള്ള
പിടച്ചിലെന്ന്
കാറ്റ്...

വരണ്ടുപൊള്ളുന്ന
നിമിഷങ്ങളോടും
തനിച്ചാക്കുന്ന
രാത്രികളോടും
ജീവിതവും,കവിതയും
സൌഹൃദങ്ങളും
ഡാൻസ്ബാറുകളിലെ
സയാഹ്നങ്ങളും
കൊണ്ടുള്ള
പ്രതിരോധമെന്ന്
സുഹൃത്തുക്കൾ...

തൊട്ടയൽ വീട്ടിലെ
നവവധു
ആഭരണങ്ങളുടെ
ഭാരത്തോടെ
ചെടിച്ചട്ടിയിൽ
വെള്ളമൊഴിക്കുന്നു.
ആഘോഷപൂർവ്വം
വേരോടെ പറിച്ചുമാറ്റി
മണൽച്ചട്ടിയിൽ നട്ട്
നിവൃത്തിയില്ലാതെ
പൂക്കുകയും കായ്ക്കുകയും
ചെയ്യുന്ന
നിശ്ശബ്ദമായ
ഈ പ്രവാസത്തെ
പ്രതിരോധിക്കാൻ
ഒന്നുമില്ലാതായിപ്പോയല്ലൊ
ദൈവമേ...!

Saturday, 3 July 2010

മുറിച്ചുകടക്കാനാവാത്ത ചില നേരങ്ങൾ...

എല്ലാം അങ്ങനെത്തന്നെ...
തെരുവിലൂടെ വാഹനങ്ങൾ
ഒഴുകുന്നതും,
അറവുമാടുകൾ നിശ്ശബ്ദമായി
കരയുന്നതും,
കൂട്ടിലടച്ച പട്ടിക്കുഞ്ഞ്
മുരളുന്നതും,
മരങ്ങളും ഇലകളും
പെയ്യുന്നതും
എല്ലാം അങ്ങനെത്തന്നെ
ഒരു മാറ്റവുമില്ല.

കുട നഷ്ടപ്പെട്ട ഭൂമി
നനഞ്ഞുനനഞ്ഞ്
പിന്നെയും നനഞ്ഞ്
ഉറഞ്ഞുപോയി.

കരിഞ്ഞുപോയ നിലാവ്
ആകാശത്തിൽ
പറ്റിക്കിടക്കുന്നു.

നിന്റെ കാലടിപ്പാടുകൾ കൊണ്ട്
പൊള്ളിയ നേരങ്ങൾ
അറ്റം കാണാതെ
തുഴയുന്നു...

Wednesday, 23 June 2010

സ്വന്തം ഉള്ളിലേക്ക് ആണ്ടുപോയ ഒരു ജൂൺ മാസസന്ധ്യ

ഒറ്റയ്ക്കിരുന്നു മദ്യപിച്ച്
സ്വന്തം ഉള്ളിലേക്ക് ആണ്ടുപോയ
ഒരു ജൂൺ മാസസന്ധ്യ
അപകടമാം വിധം
ഏകാകിയായി
മൌനിയായിരിക്കുന്നു...

മഴ റിവേഴ്സ്മോഷനിൽ
സന്ധ്യയുടെ കണ്ണുകളിലേക്ക്
പൊഴിയുന്നു...

ആളുകളും വാഹനങ്ങളും
പിന്നോട്ട്
പതുക്കെ ചലിക്കുന്നു...

Wednesday, 2 June 2010

കടല്‍ പറയുന്നത്...

പതിനായിരക്കണക്കായ മനുഷ്യര്‍
എന്റെ സാമീപ്യത്തില്‍
ഉറങ്ങുകയും, സ്നേഹിക്കുകയും
ദ്വേഷിക്കുകയും, ഉറക്കം വരാതെ
രാത്രികളിലെ അനാഥത്വത്താല്‍ മുറിവേറ്റ്‌
ഉഴലുകയും ചെയ്യുന്നു.

നീയോ, നീ മാത്രം
വളരെ ദൂരെ ഒരു ബാല്‍ക്കണിയിലിരുന്ന്‌
എന്നിലേക്ക്‌ നോക്കിക്കൊണ്ടിരുന്നു.

എന്റെ വെണ്‍ നുരച്ചിരി,
ഉച്ചനേരങ്ങളിലെ
വിയര്‍പ്പണിഞ്ഞ തിരക്ക്‌,
സായാഹ്നങ്ങളിലെ
സാന്ത്വനഭാവം,
സന്ധ്യകളിലെ
വിലാസശോകവായ്പ്‌,
രാത്രികളിലെ
കൂടിക്കൂടിവരുന്ന
രഹസ്യാത്മകത,
പ്രഭാതങ്ങളിലെ
പ്രസന്നത
ഒക്കെ കാണാന്‍ നീ വരുന്നില്ലേ?

കരിമ്പാറക്കെട്ടില്‍
തലയിട്ടടിച്ച്‌
ഞാന്‍
ചിതറിനുറുങ്ങിപ്പോവുന്നു.

മഴത്തുള്ളികള്‍
വീഴ്ത്തി
ഞാന്‍
ആര്‍ത്തലച്ച്‌ കരയുന്നു.

ദേഷ്യം മൂത്ത്‌
ഞാന്‍
കാറ്റിന്റെ കൈകളുയര്‍ത്തി
എല്ലാം തച്ചുതകര്‍ക്കുന്നു.

സൂര്യന്‍
എന്നില്‍നിന്നും
ഉയിര്‍ത്തെണീയ്ക്കുന്നു,
എന്റെ ജലശരീരത്തില്‍
നങ്കൂരമിടുന്നു,
എന്നില്‍ മരിച്ചുവീഴുന്നു.
ഞാന്‍ മൂന്നല്ല,
ആയിരക്കണക്കിനു
കടലുകളെ
ഉള്‍ക്കൊള്ളുന്നു.
എന്നാലും
ഞാന്‍
വളരെ അഗാധമായി
ഒറ്റയ്ക്കാണ്‌.

നീ
എന്റടുത്തുവന്നു
എന്നെ തൊട്ടിരിക്കുക...