Monday, 22 March 2010

വീട്ടിലേയ്ക്ക്...

നാട്ടുനടപ്പനുസരിച്ചുള്ള
ഗൃഹാതുരതയ്ക്ക്
എല്ലാ സാധ്യതകളുമുള്ള
ഒരു വീടായിരുന്നു
എന്റേത്...

പൂമുഖം,നടുമുറ്റം,തുളസിത്തറ
കെടാവിളക്ക്,അഗ്രശാല,
ഭസ്മക്കൊട്ട,ഓട്ടുപാത്രങ്ങള്‍...

എന്നിട്ടും ആ വീട്
ഓര്‍മ്മ വെച്ച നാള്‍ മുതല്‍
പുറത്തേക്കുള്ള വഴികള്‍
ചൂണ്ടിത്തന്നു...

അമ്മയുടെ നനഞ്ഞുകറുത്ത
താലിച്ചരടും,
വിയര്‍പ്പും പുകയും അമ്മിഞ്ഞപ്പാലും
ചേര്‍ന്ന ഗന്ധവും
എന്നെ
പോകരുതെന്ന്
അണച്ചുപിടിച്ചില്ല.

കണ്ണീരിന്റെ
പെരുവെള്ളത്തിനു മുകളിലാണ്
അമ്മ ഉറങ്ങുന്നത്
എന്ന് കാട്ടിത്തന്ന്
ഒരുനാള്‍
വീട്,
വാതിലുകള്‍ തുറന്ന്
എന്നെ ഇറക്കിവിട്ടു...

നിനക്കിനി വീടുണ്ടാവില്ല
എന്നും
കാലപ്പെരുമഴയില്‍ നീ
അലിഞ്ഞുതീരുമ്പോള്‍,
ഇവിടെയ്ക്കായി പാകപ്പെടുമ്പോള്‍,
നിന്നെ ഞാനെന്റെ
ഗര്‍ഭപാത്രത്തിലേയ്ക്ക്
തിരിച്ചെടുക്കാമെന്നും
വീടിന്റെ യാത്രാമൊഴി.

ഇന്ന് ഞാന്‍
വീട്ടിലേയ്ക്കുള്ള മടക്കയാത്രയില്‍
മുക്കാലും വഴി
പിന്നിട്ടിരിക്കുന്നു...

12 comments:

Sanal Kumar Sasidharan said...

ജീവിച്ചു പരുവപ്പെട്ടുകഴിയുമ്പോൾ തിരിച്ചെടുത്തോളാം എന്ന് ഉറപ്പുനൽകി മരണം ഭൂമിയിലേക്ക് മനുഷ്യരെ ജീവിക്കാനയക്കും പോലെ!

Unknown said...

thirichulla yaathra swapnam kandu padiyirangunnavr,,,njangal..pravasikal

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഒടുക്കം,
മടക്കം
ഒടുക്കം!!

paarppidam said...

വായിച്കപ്പോള്‍ ഉള്ളില്‍ എവിടെയോ ഒരു മുരിവുനടായപോലെ....
പ്രത്യേകിച്ക്‌ അവസാനവരികള്‍ ....

ഒരു നുറുങ്ങ് said...

വീട്ടിലേക്കു മടങ്ങാന്‍ വയ്യെന്നോ...

എന്‍.ബി.സുരേഷ് said...

വീട്ടിലേക്കെന്ന് പോകുന്നു ചോദിക്കുന്നു കൂടുകാര്‍.
അമ്മയില്ലാത്തവര്‍ക്കെതുവീട്?
ഇല്ലവീട്, എങ്ങെന്ന്ഗുമേ വീട്.
വീടിലെക്കല്ലോ വിളിക്കുന്നു തുമ്പയും
കാട്ടുകിളിയും കടത്തുവള്ളങ്ങളും(വിനയചന്ദ്രന്‍)
ഒരു വീട്ടിലും ഒതുങ്ങാത്ത ഒരു മുറിയാണ് ഞാന്‍. (സച്ചിദാനന്ദന്‍)
വിട്ടുപോയിടത്തേക്ക് തിരിചെത്തുന്നതോക്കെയും ജീവിതം.
സ്വന്തമായതെല്ലാം ഇട്റെരിയുന്നതും ജീവിതം.

Unknown said...

Veedu ..oho gud one

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

ഒരു പിന്‍വിളി..

അതിലേയ്ക്കുള്ള ദൂരം അപരിമേയവും....

ഹൃദ്യമായി. ആഭിനന്ദനങ്ങള്‍!

-ചാരുദത്തന്‍

സുനീത.ടി.വി. said...

എല്ലാവർക്കും നന്ദി

Unknown said...

the best one

Sreekumar B said...

"അമ്മിഞ്ഞ പാല്" "ഗര്‍ഭപാത്രം" ഈ വാക്കുകള്‍ ഇല്ലാതെ സ്ത്രീ സാഹിത്യം പാടില്ല എന്നുണ്ടോ? മാധവിക്കുട്ടിയില്‍ നിന്നും തുടങ്ങിയ ട്രെന്‍ഡ് ആണോ ?

സുനീത.ടി.വി. said...

@ശ്രീ-താങ്കൾ പറഞ്ഞ വാക്കുകൾക്ക് സാഹിത്യത്തിൽ അയിത്തം കല്പിച്ചിട്ടുണ്ടോ?