Monday 8 March, 2010

റേഡിയോ

എനിക്ക് പൌരാണികച്ഛായയുള്ള
ഒരു റേഡിയോ ഉണ്ട്...

അടുക്കളയില്‍ പാത്രങ്ങള്‍
കഴുകുമ്പോളും
വാഷിങ്മെഷീന്റെ
തുറന്ന വായിലേക്ക്
തുണികള്‍ ഉരുട്ടിനല്‍കുമ്പോഴും
സിറ്റൌട്ടിനരികിലൂടെ
പ്രഭാതങ്ങളും സന്ധ്യകളും
വൈകിയ രാത്രിനേരങ്ങളും
ദുഖിതമായി ഇഴഞ്ഞുനീങ്ങുമ്പോഴും
തൊട്ടടുത്തിരുന്ന്
അത് അജ്ഞാതമായ
നിലയങ്ങളെ
ആവാഹിച്ചു...

ഏകാന്തതയുടെ
ആഴക്കയത്തില്‍
മുങ്ങിച്ചാവാതെ
ഏതൊക്കെയോ
താളങ്ങളോട്
എന്നെ ചേര്‍ത്തുനിര്‍ത്തി...

ചിലപ്പോള്‍ ഉറക്കെയും
ചിലപ്പോള്‍ പതുക്കെയും
ചിലപ്പോള്‍ നിശ്ശബ്ദമായും
മറ്റുചിലപ്പോള്‍
ഖേദസ്വരങ്ങള്‍ പുറപ്പെടുവിച്ചും
ഉപേക്ഷിയ്ക്കപ്പെട്ട തെരുവുകളിലൂടെ
ഒറ്റയ്ക്കലയുന്നവനെപ്പോലെ
അത് തന്നിഷ്ടം പോലെ
ജീവിച്ചു...


ഈ പുതുവര്‍ഷത്തിലെ
ഒരു വ്യാഴാഴ്ചയ്ക്കുശേഷം
പൊടുന്നനെ
അത് മനോഹരമായി
പാടിത്തുടങ്ങി...

6 comments:

ഡി .പ്രദീപ് കുമാർ said...

ഈ കവിത ഏതു റേഡിയോക്കാരനേയും സന്തോഷിപ്പിക്കും.റേഡിയോയെ നെഞ്ചോടു ചേർത്ത് പിടിക്കുന്ന വലിയൊരു വിഭാഗത്തിന്റെ ഹൃദയതാളം പകർത്തിയതിനു നന്ദി.

Typist | എഴുത്തുകാരി said...

എനിക്കുമുണ്ടൊരു റേഡിയോ, അതും അടുക്കളയില്‍. അതെന്നും എനിക്കു മനോഹര ഗാനങ്ങള്‍ പാടി തരുന്നു.

Anonymous said...
This comment has been removed by a blog administrator.
അനിലൻ said...

അടുത്ത ഗാനം പാടിയത് യേശുദാസ്, ചിത്രം കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്.

Sanal Kumar Sasidharan said...

റേഡിയോ പാടട്ടെ...

മനോഹരമായ കവിത

nvmsathian said...

കരിഞ്ഞ വസന്തങ്ങള്‍ക്കേ കവിതയിലടമുള്ളൂ. പ്രവാസിയുടെ ഭ്രമ കല്പനകളല്ല ജീവിതം .അത് ഇവിടെയുണ്ട്, എവിടേയും
നന്ദി