Wednesday, 2 June 2010

കടല്‍ പറയുന്നത്...

പതിനായിരക്കണക്കായ മനുഷ്യര്‍
എന്റെ സാമീപ്യത്തില്‍
ഉറങ്ങുകയും, സ്നേഹിക്കുകയും
ദ്വേഷിക്കുകയും, ഉറക്കം വരാതെ
രാത്രികളിലെ അനാഥത്വത്താല്‍ മുറിവേറ്റ്‌
ഉഴലുകയും ചെയ്യുന്നു.

നീയോ, നീ മാത്രം
വളരെ ദൂരെ ഒരു ബാല്‍ക്കണിയിലിരുന്ന്‌
എന്നിലേക്ക്‌ നോക്കിക്കൊണ്ടിരുന്നു.

എന്റെ വെണ്‍ നുരച്ചിരി,
ഉച്ചനേരങ്ങളിലെ
വിയര്‍പ്പണിഞ്ഞ തിരക്ക്‌,
സായാഹ്നങ്ങളിലെ
സാന്ത്വനഭാവം,
സന്ധ്യകളിലെ
വിലാസശോകവായ്പ്‌,
രാത്രികളിലെ
കൂടിക്കൂടിവരുന്ന
രഹസ്യാത്മകത,
പ്രഭാതങ്ങളിലെ
പ്രസന്നത
ഒക്കെ കാണാന്‍ നീ വരുന്നില്ലേ?

കരിമ്പാറക്കെട്ടില്‍
തലയിട്ടടിച്ച്‌
ഞാന്‍
ചിതറിനുറുങ്ങിപ്പോവുന്നു.

മഴത്തുള്ളികള്‍
വീഴ്ത്തി
ഞാന്‍
ആര്‍ത്തലച്ച്‌ കരയുന്നു.

ദേഷ്യം മൂത്ത്‌
ഞാന്‍
കാറ്റിന്റെ കൈകളുയര്‍ത്തി
എല്ലാം തച്ചുതകര്‍ക്കുന്നു.

സൂര്യന്‍
എന്നില്‍നിന്നും
ഉയിര്‍ത്തെണീയ്ക്കുന്നു,
എന്റെ ജലശരീരത്തില്‍
നങ്കൂരമിടുന്നു,
എന്നില്‍ മരിച്ചുവീഴുന്നു.
ഞാന്‍ മൂന്നല്ല,
ആയിരക്കണക്കിനു
കടലുകളെ
ഉള്‍ക്കൊള്ളുന്നു.
എന്നാലും
ഞാന്‍
വളരെ അഗാധമായി
ഒറ്റയ്ക്കാണ്‌.

നീ
എന്റടുത്തുവന്നു
എന്നെ തൊട്ടിരിക്കുക...

12 comments:

രാജേഷ്‌ ചിത്തിര said...

തൊട്ടു തോട്ടങ്ങനെ,
കടഞ്ഞു കടഞ്ഞങ്ങനെ........

(word verification--ozhivaakki koode?)

മണിലാല്‍ said...

അഗാധമായി ഒറ്റക്കാവുക
എന്നാല്‍
അഗാധമായി പ്രണയത്തില്‍ ആവുക എന്നാണ്.............

മണിലാല്‍ said...

അഗാധമായി ഒറ്റയ്ക്കാവുക
എന്നാല്‍
അഗാധമായി പ്രണയത്തില്‍ ആവുക
എന്നാണ്...

സുനീത.ടി.വി. said...

ആണോ? എനിക്കറിയില്ല മണിലാല്‍...!
രാജേഷ്,സോണ...നന്ദി

ചിത്ര said...

കടലിന്‍റെ ആഴം..വരികള്‍ക്ക്..

വല്യമ്മായി said...

"അഗാധമായി
ഒറ്റയ്ക്കാണ്‌"

വളരെ ഇഷ്ടമായി ഈ പ്രയോഗം.

സുനീത.ടി.വി. said...

വല്യമ്മായീ,കടലിനു പിന്നെ എങ്ങനെയാണു ഒറ്റ്യ്ക്കാവാൻ പറ്റുക?
രാമൊഴിയ്ക്കു നന്ദി.നമ്മൾ മലയാളികൾ വിഷാദശീലരാവുന്നത് കടലിന്റെ സാന്നിധ്യം കൊണ്ടാണെന്ന് ഒരു അഭിപ്രായം കേട്ടിട്ടുണ്ട്.

poor-me/പാവം-ഞാന്‍ said...

ഞാനും ഇവിടെ വന്നിരുന്നു...ഇനിയും വരാനായി...

t.a.sasi said...

സുനിത
അടുത്തടുത്തു വരുന്ന വരികള്‍
നല്ല കവിത.

സുനീത.ടി.വി. said...

പാവം എന്നോട് ഈ പാവംഞാൻ എങ്ങനെ നന്ദി ചൊല്ലേണ്ടൂ?
ശശീ,
അഭിപ്രായങ്ങൾ അറിയിക്കുക
നന്ദി

ലേഖാവിജയ് said...

നീ വന്നു എന്നെ തൊട്ട് തൊട്ടിരിക്കുക..
എന്തൊരു നിസ്സഹായതയാണു അല്ലേ?
എത്ര അഗാധതയുണ്ടായിട്ടെന്തു കാര്യം :)

Anonymous said...

പ്രണയം ഉറ്റപ്പെടലെന്ന അഭിപ്രായത്തോട് വിയോജിക്കുന്നു.