Monday, 12 February 2007

ഒറ്റയ്ക്ക് ഒരു കടല്‍...

നിറനിലാവില്‍
ഒറ്റയ്ക്ക്
ഒരു പാവം കടല്‍...

ഈ ഭൂമിയിലെ
അനാഥമായിപ്പോയ സ്നേഹമെല്ലാം
ഘനീഭവിച്ച്‌ മഴയായിപ്പെയ്തു നിറഞ്ഞ
കടല്‍...

ഏകാകികളും ദുഖിതരും
പ്രണയികളും
ഇവിടെ അഭയം തേടുന്നു.

അലയടിക്കുന്ന തീരത്തെത്തി
ഭയന്ന്‌ തിരിച്ചുപോവുന്നവരുമുണ്ട്.
[നാം ഏറ്റവും കൂടുതല്‍
ഭയക്കുന്നതും സ്നേഹത്തെയാണല്ലൊ]

തന്റെയുള്ളിലെ വിഷാദോന്മാദങ്ങളുടെ
അഗ്നിപര്‍വതങ്ങളെ മറന്ന്‌
ഒരു നിമിഷം-
നിലാവ് നിറഞ്ഞുതുളുമ്പി
വല്ലാതെ നേര്‍ത്തുപോയി അതിന്റെ ഹൃദയം...

Sunday, 11 February 2007

എന്നു മുതലാണ്‌...?

ഒറ്റയ്ക്കുള്ള നടത്തം,
നിനച്ചിരിയ്ക്കാത്ത നേരത്തുള്ള
കണ്ണു നിറയല്‍,
ഒരുപാടു വൈകിയുള്ള ഉറക്കം,
കാരണമില്ലാതെയുള്ള
ദേഷ്യം,
എന്നു മുതലാണ്‌
നീ ഇങ്ങനെയൊക്കെ
ആയിത്തീര്‍ന്നത്‌?

കണ്ണാടിയില്‍ കാണുന്ന
അപരിചിത
എന്താണ്‌ പറയാന്‍ ശ്രമിയ്ക്കുന്നത്‌?

എല്ലാവരുംസുഖദമായ
ഉറക്കത്തിലേക്കു വഴുതുമ്പോള്‍
നിന്നെത്തേടി വരുന്ന ആ നിലവിളി
ആരുടേതാണ്‌?

അസാധാരണമായ ഏതു തണുപ്പിന്റെ
മണമാണ്‌ മുറിയില്‍ പരക്കുന്നത്‌?

അശാന്തമായ എതു വാക്കുകളാണ്‌
നിന്റെ ചെവിയില്‍ മുഴങ്ങുന്നത്‌?

ഇലകള്‍ കൊഴിയുന്ന ഈ വഴിയില്‍
ആരുടെ കാലടിപ്പാടുകളാണ്‌
കാണുന്നത്‌?

സന്തോഷം...

നിരന്തരമായി വഴുതുന്നു
സന്തോഷത്തിന്റെ സൂചികകള്‍...
ഒരു മുഖത്തില്‍ നിന്നു മറ്റൊരു മുഖത്തിലേയ്ക്ക്‌,
ഒരു സമയത്തില്‍ നിന്നു മറ്റൊരു സമയത്തിലേക്ക്‌,
ഒരു വസ്തുവില്‍്‌ നിന്ന്‌ മറ്റൊന്നിലേക്ക്‌
നിലയ്ക്കാത്ത വഴുതല്‍!

വാക്കുകള്‍ക്കിടയില്‍
സമയമാത്രകള്‍ക്കിടയില്‍
ഭാവപ്പകര്‍ച്ചകള്‍ക്കിടയില്‍
മുഖങ്ങള്‍ക്കും ഉടലുകള്‍ക്കും ഇടയില്‍
നാം സന്തോഷത്തെ തിരഞ്ഞുകൊണ്ടിരിക്കുന്നു...

സ്നേഹത്തെ പരിഹസിക്കുന്നവര്‍,
ജീവിതത്തെ നിഷേധിച്ചുകൊണ്ട്‌
നടന്നുപോകുന്നവര്‍,
മുങ്ങിത്താഴുമ്പോള്‍
പരസ്പരം പിടിച്ചു തൂങ്ങുന്നവര്‍,
അനര്‍ഹമായ സ്നേഹം
തീക്കട്ട പോലെ കൈവെള്ളയിലേറ്റുന്നവര്‍,
ഏകാന്തതയും ദുഖവും
പാരമ്പര്യമായി പകുത്തുകിട്ടിയവര്‍,
ഒരു ചെറുതുള്ളിയാല്‍
നിറഞ്ഞു തുളുമ്പുന്നവര്‍,
പ്രളയജലനടുവിലും
ദാഹിച്ചുവലയുന്നവര്‍...

ഇവര്‍ക്കിടയിലൂടെ
സന്തോഷം
ആര്‍ക്കും പിടി കൊടുക്കാതെ
തന്റെ യാത്ര തുടരുന്നു,
ഒറ്റയ്ക്ക്‌...

Friday, 9 February 2007

ഏകാന്തത

ഏകാന്തത
ഒരു മരമാണ്‌,
മരുഭൂമിയില്‍ വേരുകള്‍ പടര്‍ത്തി
കത്തുന്ന ശൂന്യാകാശത്തിലേയ്ക്കുവളരുന്ന
ഇലകളില്ലാത്ത ഒരു മരം...

തീയാളുന്ന തലയും
കനല്‍ക്കണ്ണുകളുമായി
അത്‌
എന്റെയുള്ളില്‍
അനുദിനം വളരുന്നു...

വെറുതെ...

ഈ ഭൂമിയില്‍ ഒരുപാട്‌
അയയ്ക്കാത്ത കത്തുകള്‍
എഴുതാത്ത വരികള്‍
പറയാത്ത വാക്കുകള്‍
ജീവിക്കുന്നു...

കാട്ടില്‍ ആരും കാണാതെ
വിടര്‍ന്നു നില്‍ക്കുന്ന
പൂക്കള്‍ പോലെ...

എന്നാലും
അവ നിലനില്‍ക്കുന്നുന്ട്
വെറുതെ...

പഴയ ഒരു കവിത!

രാവറുതിയില്‍, എന്റെ ജാലകത്തില്‍
ഭ്രാന്തമൊരു തെന്നല്‍
വിരുന്നുവന്നു...

കുഞ്ഞുപൂക്കളെ ഉലച്ച്‌
ഒരു പാട്ടിനീണത്തിലേറി
ഈറന്‍നിലാവു
പുതച്ചുവന്നു...

താരകളെ നോക്കി
കണ്ണിറുക്കിക്കാട്ടി
കുഞ്ഞുവിളക്ക്
തിരി താഴ്ത്തിനിന്നു...

ശ്രുതി താഴ്ന്നൊരു വേണുഗാനം
എവിടെ നിന്നോമെല്ലെ
ഒഴുകിവന്നു...

പാതിരാമലര്‍ പോലെ
ഞാനുമാ തെന്നലിന്‍
ഭ്രാന്തസ്നേഹതിന്റെ
നോവറിഞ്ഞു...

പിന്നെ, ഒരു മ്രുദുവാക്കിന്റെ
തണലിന്‍ ചോട്ടില്‍
എന്നുമെന്നും തല ചായ്ച്ചുറങ്ങി...

Sunday, 4 February 2007

ഓര്‍മ്മകളുടെ തടവുകാര്‍...

ഏതോ സ്നേഹവിശ്വാസങ്ങളുടെ ഞാത്തില്‍
തൂങ്ങിക്കിടക്കുന്ന
നമ്മുടെ പാവം മനുഷ്യജന്മങ്ങള്‍...

ജീവിക്കാനുള്ള കാരണങ്ങള്‍
ആഹ്ളാദത്തിന്റെ കുഞ്ഞുപട്ടങ്ങള്‍
നിറം മങ്ങാത്ത ചില നിമിഷത്തുണ്ടുകള്‍
ഒക്കെ നാം ഇതില്‍ കൊരുത്തിടുന്നു...

വേഷങ്ങളുടെ ഇടവേളകളില്‍
ഏറ്റവും അഗാധമായി ഒറ്റയ്ക്കാവുമ്പോള്‍
നാം ഈ പഴയ ആല്‍ബത്തിലെ
വര്‍ണചിത്രങ്ങളിലേയ്ക്കു മടങ്ങുന്നു...

പലതും കാലത്തിന്റെ രാസവിദ്യയാല്‍
നിറം മങ്ങിയിട്ടുണ്ടാകും,
പലതും പൊടിഞ്ഞുപോയിട്ടുണ്ടാകും,
പലതും ഇല്ലാതെയായിട്ടുണ്ടാകും...

എന്നാലും ഓര്‍മ്മകളുടെ തടവുകാരായ നാം
മറ്റെങ്ങോട്ടുപോകാന്‍?