Saturday, 19 February 2011

ഒന്നാം പാഠം

കറുപ്പും വെളുപ്പുമാർന്ന കളങ്ങളിൽ
കരുക്കൾ നീക്കി,
ക്രൂരമായി ചതുരംഗം കളിക്കുന്നതിനിടെ
കാലം ഒരു കടങ്കഥ ചോദിച്ചു:
“എല്ലാരും തോറ്റുപോകുന്ന
കളികൾ ഏത്?”
“പ്രണയവും യുദ്ധവും” എന്ന്
പാവം ജീവിതങ്ങൾ കൊണ്ട്
മനുഷ്യർ ഉത്തരം നൽകി.
എല്ലാ വേദികളും ശൂന്യമാവുമെന്നും,
എല്ലാ കയറ്റങ്ങളും ഇറക്കങ്ങളെ
ഉൾക്കൊള്ളുന്നെന്നും,
കടലിനുള്ളിൽ മരുഭൂമി
നിലവിളിക്കുന്നുണ്ടെന്നും
പുസ്തകത്തിൽ ഉൾപ്പെടുത്താൻ
വിട്ടുപോയ ഒന്നാം പാഠം...

Tuesday, 1 February 2011

എന്റെ (ബിവറേജസ്)കോർപറേറ്റ് സ്വപ്നങ്ങൾ

ബിവറേജസ് കോർപറേഷന്റെ
നീണ്ട ക്യൂവിൽ അനന്തമായി
കാത്തുനിന്നാണ് ഞാൻ
ക്ഷമയുടെ ആദ്യപാഠങ്ങൾ
പഠിച്ചത്...

അവിടത്തെ ചില്ലലമാരയിലെ
പലനിറക്കുപ്പികളിൽ നിന്നാണ്
എന്റെ ബ്ലാക്ക് & വൈറ്റ് സ്വപ്നങ്ങൾ
മൾട്ടികളർ ആയത്...

ഒരു പൈന്റ് റമ്മിന്റെക്ഷീണം
തീർക്കാൻ കെട്ട്യോളെ തല്ലിയും
പാത്രങ്ങൾ എറിഞ്ഞുടച്ചും
ആണത്തം തെളിയിക്കാറായതും
ബിവറേജസ് അളിയന്റെ
സഹായം കൊണ്ടുതന്നെ...

ബിവറേജസ് തമ്പുരാനേ
ശിഷ്ട(കഷ്ട)ജീവിതകാലത്ത്
എനിക്ക് നീ താൻ തുണ...

Sunday, 19 December 2010

ചായക്കപ്പുകളുടെ സഞ്ചാരം

ശാലിനി എന്നാണു പേരെങ്കിലും
ശാലീനത ഒട്ടുമില്ലെന്ന്
മുറുമുറുത്താണ്
ആദ്യം കാ‍ണാൻ വന്നവൻ
ഇറങ്ങിപ്പോയത്.
ശാലീനതയ്ക്കുള്ള
ലേപനങ്ങൾ അന്വേഷിച്ച്
കടന്നുപോയി കാലം...

കരിവണ്ടുപോലത്തെ
തലമുടിയുടെ ഭംഗിയെ
കാവ്യാത്മകമായി വാഴ്ത്തി
രണ്ടാമൻ പടിയിറങ്ങിയപ്പോൾ
വാശിയ്ക്ക് ഞാൻ മുടി
കാപ്പിരികളെപ്പോലെ ചുരുട്ടി...

സീമയുടേതുപോലുള്ള
ചുണ്ടുകളേ ഉമ്മവെയ്ക്കാൻ കൊള്ളൂ
എന്ന് കണ്ണിറുക്കി
ശബ്ദം താഴ്ത്തി
മറ്റൊരുത്തൻ.
കല്ലുകെട്ടിത്തൂക്കീട്ടും
മലരാൻ മടിച്ചു
എന്റെ പാവം ചുണ്ടുകൾ...

പഞ്ചജീരകഗുഡത്തിന്റെ
മാങ്ങാപ്പരസ്യവും
എന്റെ മെലിഞ്ഞ ശരീരവും
‘കൌണ്ടർകട്ട്“ ചെയ്ത്
കണ്ണിൽ പുച്ഛം വിരിയിച്ചു,
അടുത്തതായി വന്ന
മധ്യവയസ്കൻ.
അയാളുടെ മുന്നിലേക്ക്
മുസ്ലിപവർ എക്സ്ട്രായുടെ
പരസ്യത്താൾ നീക്കിയിട്ട്
ഞാനും ഒന്നു ചിരിച്ചു.
(എനിയ്ക്കും ചിരിക്കണ്ടേ?)

പ്രായം കൂടിപ്പോയെന്നും
മുടി ചുരുണ്ടുപോയെന്നും
തനി നാടൻ മട്ടെന്നും
പറഞ്ഞാണ്
പിന്നീട് ചായക്കപ്പുകൾ
ഒഴിഞ്ഞുകൊണ്ടിരുന്നത്.
ചായക്കപ്പുകളുടെ
സഞ്ചാരം നിലച്ചപ്പോളേക്കും
എനിക്ക് എന്നെ കാണാനില്ലാതായിരുന്നു

Sunday, 29 August 2010

പ്രവാസം

ആദിയും അന്തവുമില്ല്ലാത്ത
തീക്കടൽ
സി.വി
കാണിച്ചുതന്നപ്പോൾ
എല്ലായിടത്തും
സൂര്യൻ നിറഞ്ഞുകത്തുന്ന
മണൽക്കാട്
ഓർമ്മ വന്നു.

പ്രവാസജീവിതം
ഒരു ഭ്രമകല്പനയാണെന്ന്
കടൽ...
കറുത്തുപോയ
നിലാവെന്ന്
ആകാശം...
നിലവിളിക്കുന്ന
കരിഞ്ഞ വസന്തമെന്ന്
മരുഭൂമി...
പ്രാണവായു കിട്ടാതുള്ള
പിടച്ചിലെന്ന്
കാറ്റ്...

വരണ്ടുപൊള്ളുന്ന
നിമിഷങ്ങളോടും
തനിച്ചാക്കുന്ന
രാത്രികളോടും
ജീവിതവും,കവിതയും
സൌഹൃദങ്ങളും
ഡാൻസ്ബാറുകളിലെ
സയാഹ്നങ്ങളും
കൊണ്ടുള്ള
പ്രതിരോധമെന്ന്
സുഹൃത്തുക്കൾ...

തൊട്ടയൽ വീട്ടിലെ
നവവധു
ആഭരണങ്ങളുടെ
ഭാരത്തോടെ
ചെടിച്ചട്ടിയിൽ
വെള്ളമൊഴിക്കുന്നു.
ആഘോഷപൂർവ്വം
വേരോടെ പറിച്ചുമാറ്റി
മണൽച്ചട്ടിയിൽ നട്ട്
നിവൃത്തിയില്ലാതെ
പൂക്കുകയും കായ്ക്കുകയും
ചെയ്യുന്ന
നിശ്ശബ്ദമായ
ഈ പ്രവാസത്തെ
പ്രതിരോധിക്കാൻ
ഒന്നുമില്ലാതായിപ്പോയല്ലൊ
ദൈവമേ...!

Saturday, 3 July 2010

മുറിച്ചുകടക്കാനാവാത്ത ചില നേരങ്ങൾ...

എല്ലാം അങ്ങനെത്തന്നെ...
തെരുവിലൂടെ വാഹനങ്ങൾ
ഒഴുകുന്നതും,
അറവുമാടുകൾ നിശ്ശബ്ദമായി
കരയുന്നതും,
കൂട്ടിലടച്ച പട്ടിക്കുഞ്ഞ്
മുരളുന്നതും,
മരങ്ങളും ഇലകളും
പെയ്യുന്നതും
എല്ലാം അങ്ങനെത്തന്നെ
ഒരു മാറ്റവുമില്ല.

കുട നഷ്ടപ്പെട്ട ഭൂമി
നനഞ്ഞുനനഞ്ഞ്
പിന്നെയും നനഞ്ഞ്
ഉറഞ്ഞുപോയി.

കരിഞ്ഞുപോയ നിലാവ്
ആകാശത്തിൽ
പറ്റിക്കിടക്കുന്നു.

നിന്റെ കാലടിപ്പാടുകൾ കൊണ്ട്
പൊള്ളിയ നേരങ്ങൾ
അറ്റം കാണാതെ
തുഴയുന്നു...

Wednesday, 23 June 2010

സ്വന്തം ഉള്ളിലേക്ക് ആണ്ടുപോയ ഒരു ജൂൺ മാസസന്ധ്യ

ഒറ്റയ്ക്കിരുന്നു മദ്യപിച്ച്
സ്വന്തം ഉള്ളിലേക്ക് ആണ്ടുപോയ
ഒരു ജൂൺ മാസസന്ധ്യ
അപകടമാം വിധം
ഏകാകിയായി
മൌനിയായിരിക്കുന്നു...

മഴ റിവേഴ്സ്മോഷനിൽ
സന്ധ്യയുടെ കണ്ണുകളിലേക്ക്
പൊഴിയുന്നു...

ആളുകളും വാഹനങ്ങളും
പിന്നോട്ട്
പതുക്കെ ചലിക്കുന്നു...

Wednesday, 2 June 2010

കടല്‍ പറയുന്നത്...

പതിനായിരക്കണക്കായ മനുഷ്യര്‍
എന്റെ സാമീപ്യത്തില്‍
ഉറങ്ങുകയും, സ്നേഹിക്കുകയും
ദ്വേഷിക്കുകയും, ഉറക്കം വരാതെ
രാത്രികളിലെ അനാഥത്വത്താല്‍ മുറിവേറ്റ്‌
ഉഴലുകയും ചെയ്യുന്നു.

നീയോ, നീ മാത്രം
വളരെ ദൂരെ ഒരു ബാല്‍ക്കണിയിലിരുന്ന്‌
എന്നിലേക്ക്‌ നോക്കിക്കൊണ്ടിരുന്നു.

എന്റെ വെണ്‍ നുരച്ചിരി,
ഉച്ചനേരങ്ങളിലെ
വിയര്‍പ്പണിഞ്ഞ തിരക്ക്‌,
സായാഹ്നങ്ങളിലെ
സാന്ത്വനഭാവം,
സന്ധ്യകളിലെ
വിലാസശോകവായ്പ്‌,
രാത്രികളിലെ
കൂടിക്കൂടിവരുന്ന
രഹസ്യാത്മകത,
പ്രഭാതങ്ങളിലെ
പ്രസന്നത
ഒക്കെ കാണാന്‍ നീ വരുന്നില്ലേ?

കരിമ്പാറക്കെട്ടില്‍
തലയിട്ടടിച്ച്‌
ഞാന്‍
ചിതറിനുറുങ്ങിപ്പോവുന്നു.

മഴത്തുള്ളികള്‍
വീഴ്ത്തി
ഞാന്‍
ആര്‍ത്തലച്ച്‌ കരയുന്നു.

ദേഷ്യം മൂത്ത്‌
ഞാന്‍
കാറ്റിന്റെ കൈകളുയര്‍ത്തി
എല്ലാം തച്ചുതകര്‍ക്കുന്നു.

സൂര്യന്‍
എന്നില്‍നിന്നും
ഉയിര്‍ത്തെണീയ്ക്കുന്നു,
എന്റെ ജലശരീരത്തില്‍
നങ്കൂരമിടുന്നു,
എന്നില്‍ മരിച്ചുവീഴുന്നു.
ഞാന്‍ മൂന്നല്ല,
ആയിരക്കണക്കിനു
കടലുകളെ
ഉള്‍ക്കൊള്ളുന്നു.
എന്നാലും
ഞാന്‍
വളരെ അഗാധമായി
ഒറ്റയ്ക്കാണ്‌.

നീ
എന്റടുത്തുവന്നു
എന്നെ തൊട്ടിരിക്കുക...