Monday, 22 March 2010

വീട്ടിലേയ്ക്ക്...

നാട്ടുനടപ്പനുസരിച്ചുള്ള
ഗൃഹാതുരതയ്ക്ക്
എല്ലാ സാധ്യതകളുമുള്ള
ഒരു വീടായിരുന്നു
എന്റേത്...

പൂമുഖം,നടുമുറ്റം,തുളസിത്തറ
കെടാവിളക്ക്,അഗ്രശാല,
ഭസ്മക്കൊട്ട,ഓട്ടുപാത്രങ്ങള്‍...

എന്നിട്ടും ആ വീട്
ഓര്‍മ്മ വെച്ച നാള്‍ മുതല്‍
പുറത്തേക്കുള്ള വഴികള്‍
ചൂണ്ടിത്തന്നു...

അമ്മയുടെ നനഞ്ഞുകറുത്ത
താലിച്ചരടും,
വിയര്‍പ്പും പുകയും അമ്മിഞ്ഞപ്പാലും
ചേര്‍ന്ന ഗന്ധവും
എന്നെ
പോകരുതെന്ന്
അണച്ചുപിടിച്ചില്ല.

കണ്ണീരിന്റെ
പെരുവെള്ളത്തിനു മുകളിലാണ്
അമ്മ ഉറങ്ങുന്നത്
എന്ന് കാട്ടിത്തന്ന്
ഒരുനാള്‍
വീട്,
വാതിലുകള്‍ തുറന്ന്
എന്നെ ഇറക്കിവിട്ടു...

നിനക്കിനി വീടുണ്ടാവില്ല
എന്നും
കാലപ്പെരുമഴയില്‍ നീ
അലിഞ്ഞുതീരുമ്പോള്‍,
ഇവിടെയ്ക്കായി പാകപ്പെടുമ്പോള്‍,
നിന്നെ ഞാനെന്റെ
ഗര്‍ഭപാത്രത്തിലേയ്ക്ക്
തിരിച്ചെടുക്കാമെന്നും
വീടിന്റെ യാത്രാമൊഴി.

ഇന്ന് ഞാന്‍
വീട്ടിലേയ്ക്കുള്ള മടക്കയാത്രയില്‍
മുക്കാലും വഴി
പിന്നിട്ടിരിക്കുന്നു...

Monday, 8 March 2010

റേഡിയോ

എനിക്ക് പൌരാണികച്ഛായയുള്ള
ഒരു റേഡിയോ ഉണ്ട്...

അടുക്കളയില്‍ പാത്രങ്ങള്‍
കഴുകുമ്പോളും
വാഷിങ്മെഷീന്റെ
തുറന്ന വായിലേക്ക്
തുണികള്‍ ഉരുട്ടിനല്‍കുമ്പോഴും
സിറ്റൌട്ടിനരികിലൂടെ
പ്രഭാതങ്ങളും സന്ധ്യകളും
വൈകിയ രാത്രിനേരങ്ങളും
ദുഖിതമായി ഇഴഞ്ഞുനീങ്ങുമ്പോഴും
തൊട്ടടുത്തിരുന്ന്
അത് അജ്ഞാതമായ
നിലയങ്ങളെ
ആവാഹിച്ചു...

ഏകാന്തതയുടെ
ആഴക്കയത്തില്‍
മുങ്ങിച്ചാവാതെ
ഏതൊക്കെയോ
താളങ്ങളോട്
എന്നെ ചേര്‍ത്തുനിര്‍ത്തി...

ചിലപ്പോള്‍ ഉറക്കെയും
ചിലപ്പോള്‍ പതുക്കെയും
ചിലപ്പോള്‍ നിശ്ശബ്ദമായും
മറ്റുചിലപ്പോള്‍
ഖേദസ്വരങ്ങള്‍ പുറപ്പെടുവിച്ചും
ഉപേക്ഷിയ്ക്കപ്പെട്ട തെരുവുകളിലൂടെ
ഒറ്റയ്ക്കലയുന്നവനെപ്പോലെ
അത് തന്നിഷ്ടം പോലെ
ജീവിച്ചു...


ഈ പുതുവര്‍ഷത്തിലെ
ഒരു വ്യാഴാഴ്ചയ്ക്കുശേഷം
പൊടുന്നനെ
അത് മനോഹരമായി
പാടിത്തുടങ്ങി...

Thursday, 19 November 2009

മരുന്ന്...

തനിക്ക് മുന്നിലിരുന്ന്‍
രോഗങ്ങളുടെ കെട്ടഴിക്കുന്ന
അവളെ ഡോക്ടര്‍
കട്ടിക്കണ്ണടയ്ക്കുള്ളിലൂടെ
സൂക്ഷിച്ചുനോക്കി...

ലോകത്തിലേക്കും വെച്ച്‌
ഏറ്റവും വേദന നിറഞ്ഞ
ഒരു നിലവിളി
അവളില്‍
വിങ്ങിനില്‍ക്കുന്നുണ്ടായിരുന്നു.

ജീവിതം കൊണ്ട്
ആഴത്തില്‍ മുറിവേറ്റവള്‍ക്ക്
എന്തു മരുന്നാണു
നല്‍കുക?

ജീവിതം
മുന്നോട്ടുകൊണ്ടൂപോകാന്‍
ശക്തി നല്‍കണേ
എന്ന ഒരു പ്രാര്‍ത്ഥന
പോകുമ്പോള്‍ അവളെ
അനുഗമിയ്ക്കുന്നുണ്ടായിരുന്നു...

Sunday, 1 November 2009

കയ്പ്

നിന്നോടൊത്ത് മഴയറിഞ്ഞ
ഒരു പഴയ സന്ധ്യ
തങ്ങിനില്‍ക്കുന്ന വീട്...
അതിനെ പൊതിയുന്ന
ക്രൂരമായ ഏകാന്തത...

ജീവിതത്തിന്റെ വഴുക്കന്‍
പാതകളിലൂടെ തുടരുന്ന
ആപത്കരമായ യാത്ര...

വരാനിരിക്കുന്ന
വര്‍ഷങ്ങളുടെ കൊടുംകയ്പ്
എത്ര ശ്രമിച്ചിട്ടും
മായുന്നതേയില്ല...

Friday, 2 January 2009

അരികിലൂടെ ഒഴുകിപ്പോയ വര്‍ഷങ്ങള്‍...

വര്‍ഷങ്ങള്‍ ക്രൂരമായി
അരികിലൂടെ ഒഴുകിപ്പോയ
ഒരു സുഹൃത്തിനെ
ഈയിടെ കണ്ടപ്പോള്‍,
പുതുവര്‍ഷം എന്നോടു ചോദിച്ചു:
“ക്രൂരമായ കാലത്തെ നീ
അതിജീവിച്ചതെങ്ങനെ?”

പാമ്പ് പടം പൊഴിക്കുന്നതുപോലെ
പിന്നിട്ട ജീവിതത്തെ,
പിന്നിട്ട ഓര്‍മ്മകളെ
പൊഴിച്ചുകളയാന്‍
ഞാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു...

ആഗ്രഹങ്ങളും സ്വപ്നങ്ങളുമില്ലാത്ത
ഒരു വെളുത്തുമുതിര്‍ന്ന കാലം
തൊട്ടടുത്തുനിന്ന് പുഞ്ചിരിക്കുന്നത്
കാണാനാവുന്നുണ്ടെനിക്ക്...

Saturday, 4 October 2008

കനിവില്ലാത്ത മഴ...

നിന്റെ നോട്ടം
എന്റെ ഉള്ളിലേക്ക്
ഒരു മഞ്ഞുസൂചി പോലെ
തറച്ചുകയറി

തണുത്ത,ഭീതിദമായ
വേദന.
ഉള്ളിലെ വെളിവായിപ്പോയ
ശൂന്യത.

പ്രതിരോധിക്കാന്‍ ഒന്നുമില്ലാതെ
നിരായുധയായി
എല്ലാ ആവരണങ്ങളുമഴിഞ്ഞ്
അങ്ങനെ…

വേദനയുടെ ഒരു കടല്‍
ഇരമ്പുന്നുണ്ടായിരുന്നു.
നിനക്ക് മാത്രം മായ്ച്ചുകളയാനാവുന്ന
ഒരുപാട് വ്യര്‍ത്ഥനിമിഷങ്ങള്‍
കനം തൂങ്ങി നില്‍ക്കുന്നുണ്ടായിരുന്നു.

എന്റെ സ്വപ്നങ്ങളുടെ
ശൂന്യമായ
വലക്കട്ടിലില്‍
മഴ പൊഴിയുന്നുണ്ടായിരുന്നു.

ഓര്‍മ്മകളുടെ ഈ
കനിവില്ലാത്ത മഴയില്‍
ഞാന്‍ നിന്റെ
തണല്‍ തേടുന്നു.

പോയ വര്‍ഷങ്ങളത്രയും
അതിവേഗം
എന്നില്‍ നിന്ന്
ഓടിയകന്നെങ്കില്‍…

Wednesday, 6 August 2008

ആകാശത്ത് വിതച്ച വാക്കുകള്‍

ആകാശത്ത് വിതച്ച
വാക്കുകള്‍
ഭൂമിയില്‍
ഏകാന്തമായി
മുളച്ചു...

സെല്‍ഫോണുകള്‍
കൂടുകെട്ടിയ
കാതുകളില്‍
അവ
മരിച്ചുവീണു...